കൊച്ചി: കുസാറ്റിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.ദീപക് കുമാര്‍ സാഹുവിനെ അന്വേഷണ കാലയളവില്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തും. വി.സി. ഡോ.പിജി.ശങ്കരന് ആണ് ഇക്കാര്യം അറിയിച്ചത്.
തിക്കിലും തിരക്കിലുംപ്പെട്ട് നാലുപേര്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. കെ.കെ.കൃഷ്ണകുമാര്‍ (കണ്‍വീനര്‍), ഡോ.ശശിഗോപാലന്‍, ഡോ.ലാലി എന്നിവരാണ് സമിതിഅംഗങ്ങള്‍.
അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറിനില്ക്കാന് സാഹുവിനോട് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടത്. ഈ നിര്‍ദേശം അദ്ദേഹം സ്വീകരിച്ചതായും വി.സി പറഞ്ഞു.
അതെസമയം, നാല് പേര് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. സുരക്ഷാ വീഴ്ച ഉള്‍പ്പടെ പരിശോധിച്ച് വിശദീകരണം നല്കാന് ആലുവ റൂറല്‍ എസ്പിക്കും കൊച്ചി സര്‍വകലാശാലാ രജിസ്ട്രാര്‍ക്കും മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക