കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന ബജറ്റ് ടൂറിസത്തിനായി നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള യാത്രകള്‍ ലക്ഷ്യമിട്ട് ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകള്‍ വരുന്നു. ഡിസംബറില്‍ ബസുകൾ സംസ്ഥാനത്തെത്തും. തുടക്കത്തില്‍ രണ്ടു ബസുകളായിരിക്കും തിരുവനന്തപുരത്തെത്തിക്കുന്നത്.
ഇതിനു പിന്നാലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെ 50 ഇ ബസുകള്‍ കൂടി വാങ്ങാന്‍ ധാരണയായിട്ടുണ്ട്. ഡബിള്‍ഡക്കര്‍ ബസുകളുടെ മുകളിലത്തെ നിലയില്‍ ചെറിയ പാര്‍ട്ടിയും മറ്റ് ആഘോഷങ്ങളും നടത്താനുള്ള സൗകര്യവും ഒരുക്കും.
സംസ്ഥാനത്ത് വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. ബജറ്റ് ടൂറിസത്തിന് മൂന്നു വര്‍ഷം പിന്നിടുമ്പോളാണ് കെ.എസ്.ആര്.ടി.സി പുത്തന്‍ പദ്ധതികളുമായി മുന്നോട്ട് വരുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട്സിറ്റി പദ്ധതിയിലൂടെയാണ് ബസുകള്‍ എത്തുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഡബിള്‍ഡെക്കര്‍ ബസുകള്‍ക്ക് വലിയ സ്വീകാര്യതയാണ്.
കൂടാതെ ഓണ്‍ലൈന്‍ ടൂറിസം പാക്കേജ് ബുക്കിങ് കൂടി അടുത്ത മാസത്തോടെ ആരംഭിക്കാനുള്ള പദ്ധതിയിലാണ് കെ.എസ്.ആര്.ടി.സി.
മാസങ്ങള്‍ക്കു മുന്‍പു തന്നെ മുന്‍കൂട്ടി പാക്കേജുകളുടെ ബുക്കിങ് പൂര്‍ത്തിയാകുകയാണ്. സംസ്ഥാനത്തെ ചെറുതും വലുതുമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സര്‍വീസ് ഉറപ്പാക്കുന്നുണ്ട്.
പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ അന്തർസ്സംസ്ഥാന യാത്രകള്‍ കൂടി ഉള്‍പ്പെടുത്താനാണ് കെ.എസ്.ആര്.ടി.സി. ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയിലെ വിനോദസഞ്ചാരമേഖലകളിലേക്ക് പ്രത്യേക സര്‍വീസുകള്‍ ക്രമീകരിക്കുന്നതിനുള്ള പ്രാരംഭഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ക്കായിരിക്കും പ്രഥമ പരിഗണന.
പ്രതികരിക്കാൻ ഇവിടെ എഴുതുക