ഡൽഹി: ഡൽഹിയിലേക്കുള്ള 18 ലധികം വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ആകാശപാത അവ്യക്തമായതിനെ തുടർന്നാണ് നടപടി.
ജയ്പൂർ, ലഖ്നൗ, അഹമ്മദാബാദ്, അമൃത്സർ തുടങ്ങിയ നഗരങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു.
രാവിലെ 7.30 നും 10.30 നും ഇടയിൽ 18 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടതെന്ന് വൃത്തങ്ങൾ അറിയിച്ചു. അവ്യക്തത കാരണം ശനിയാഴ്ച ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിടാൻ വിസ്താര എയർലൈൻസ് നിർബന്ധിതരായതായി കമ്പനി വക്താവ് വ്യക്തമാക്കി.
അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലേക്കുള്ള യുകെ 906 വിമാനം അഹമ്മദാബാദിലേക്കും മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള യുകെ 954 വിമാനം ജയ്പൂരിലേക്കും തിരിച്ചുവിടുകയായിരുന്നു.
ഡൽഹിയിലെ റീജിയണൽ മെറ്റീരിയോളജിക്കൽ സെന്റർ (ആർഎംഡി) രാവിലെ മിതമായ മൂടൽമഞ്ഞ് പ്രവചിക്കുന്നുണ്ട്. കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസും, മഴയ്ക്ക് സാധ്യത വളരെ കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക