തിരുവനന്തപുരം: പ്രശസ്ത ദളിത് ചിന്തകനും അധ്യാപകനും സാമ്പത്തികശാസ്ത്ര വിദഗ്ധനുമായ ഡോ. എം. കുഞ്ഞാമന് (74) അന്തരിച്ചു. ശ്രീകാര്യത്തെ വസതിയില്‍ ഞായറാഴ്ച വൈകുന്നേരത്തോടെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ദീര്‍ഘകാലം കേരള സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്നു കുഞ്ഞാമന്.
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസറായാണ് അദ്ദേഹം വിരമിച്ചത്. ഇടതുപക്ഷ നിലപാട് പങ്കുവെക്കുന്ന ദളിത് ചിന്തകനും എഴുത്തുകാരനുമായിരുന്നു കുഞ്ഞാമന്. അദ്ദേഹം ദളിത്-സാമ്പത്തിക ശാസ്ത്ര മേഖലകളില്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയില്‍ 1949 ഡിസംബര്‍ മൂന്നിനാണ് എം. കുഞ്ഞാമന് ജനിച്ചത്.
മണ്ണിയമ്പത്തൂര്‍ അയ്യപ്പന്റെയും ചെറോണയുടെയും മകനാണ്. വാടാനംകുറിശ്ശി എല്‍.പി. സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രി മുതല്‍ എം.എ. വരെ പാലക്കാട് ഗവ. വിക്ടോറിയ കോളേജിലായിരുന്നു പഠനം. മുന്‍ രാഷ്ട്രപതി കെ.ആര് നാരായണന് ശേഷം സാമ്പത്തികശാസ്ത്രത്തിലെ ബിരുദാനന്തരബിരുദത്തില്‍ ഒന്നാം റാങ്ക് നേടുന്ന ദളിത് വിദ്യാര്‍ത്ഥിയാണ് കുഞ്ഞാമന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക