തെന്നിന്ത്യൻ സിനിമയിൽ ഗ്ലാമറസ് വേഷങ്ങളിലൂടെ തിളങ്ങി നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സിൽക് സ്മിത. അകാലത്തിൽ മരണപ്പെട്ട സിൽകിന്റെ ജീവിതം സിനിമകളായി എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ സിൽക്ക് സ്മിതയുടെ ബയോപിക് എന്ന പേരിൽ ഒരുചിത്രംകൂടി വെള്ളിത്തിരയിൽ എത്താനൊരുങ്ങുകയാണ്. ‘സിൽക് സ്മിത ദ അൺടോൾഡ് സ്റ്റോറി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
സിൽക്ക് സ്മിതയുടെ അറുപത്തിമൂന്നാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ചാണ് അവരുടെ ജീവിതം പറയുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്. സിൽക്ക് സ്മിതയുടെ അതിപ്രശസ്തമായ ഫോട്ടോയുടെ പുനരാവിഷ്കാരമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ കാണാനാവുക.
ആമസോൺ പ്രൈമിലൂടെ പുറത്തുവന്ന തമിഴ് സീരീസായ സ്വീറ്റ് കാരം കോഫി ഒരുക്കിയ ജയറാം ശങ്കരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിൽക് സ്മിതയായി എത്തുന്നത് ഓസ്ട്രേലിയൻ-ഇന്ത്യൻ താരവും മോഡലും നർത്തകിയുമായ ചന്ദ്രിക രവിയാണ്. താരം ഇൻസ്റ്റാഗ്രാമിലൂടെ സിൽക് സ്മിത ദ അൺടോൾഡ് സ്റ്റോറിയുടെ ടൈറ്റിൽ പങ്കുവെച്ചിരുന്നു. തമിഴ് തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലാണ് ചിത്രമെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക