ന്യൂയോര്‍ക്ക്: ഗാസയിലെ സ്ഥിതി വളരെ മോശമായി തുടരുകയാണ്. ഗാസയക്കുമേല് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. യുദ്ധം ശക്തമായി തുടരുന്ന ഗാസയില്‍ വെടിനിര്‍ത്തലിനായി അത്യപൂര്‍വ്വ നീക്കം നടത്തിയിരിക്കുകയാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ്. വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിനായി അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ ചാര്‍ട്ടറിന്റെ 99ാം അനുച്ഛേദമാണ് ഗുട്ടെറസ് പ്രയോഗിച്ചത്.
യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങളുണ്ടാകുമ്പോള്‍ സമാധാനം പുനസ്ഥാപിക്കാന്‍ രക്ഷാസമിതി ഇടപെടണമെന്ന് ചൂണ്ടിക്കാണിക്കുന്നതിനായി യുഎന്‍ സെക്രട്ടറി ജനറലിന് അധികാരം നല്കുന്ന അനുച്ഛേദമാണിത്. 15 അംഗങ്ങളുള്ളതാണ് രക്ഷാസമിതി. വിഷയത്തില്‍ ഉടന്‍ തന്നെ ഇടപെടല്‍ വേണമെന്ന് വ്യക്തമാക്കുന്ന കത്ത് സമിതി അധ്യക്ഷനും ഇക്വഡോര്‍ സ്ഥാനപതിയുമായ ജോസ് ജാവിയര്‍ ഡെല ഗാസ്ക ലോപസിന് ഗുട്ടെറസ് കൈമാറി.
യുഎന്‍ ഭരണഘടനയുടെ തത്വങ്ങളില്‍ നിന്നുകൊണ്ട് ഗുട്ടെറസ് നടത്തിയ നീക്കം സെക്രട്ടറി ജനറലിനെ സംബന്ധിച്ച് ഏറ്റവും ശക്തമായതാണെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാനി ദുജാറിക് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഉള്‍പ്പടെയുള്ളവര്‍ ഗുട്ടെറസിന്റെ നീക്കത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക