നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് മുള്ളങ്കി അഥവാ റാഡിഷ്. പല കറകികള്ക്കും സലാഡിനുമെല്ലാം റാഡിഷ് ഉപയോഗിക്കുന്നവരുണ്ട്. ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവ് മുള്ളങ്കിയ്ക്ക് ഉണ്ട്. ഇത് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. റാഡിഷില്‍ അടങ്ങിയിരിക്കുന്ന ഐസോ-തയോ സയനൈറ്റ്സ്’ എന്ന ഘടകമാണ് ട്യൂമര്‍ വളര്‍ച്ചയെ ചെറുക്കാന്‍ സഹായിക്കുന്നത്.
വിറ്റാമിന്‍ സി മുള്ളങ്കിയിലുണ്ട്. ജലദോഷം പോലുള്ള രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്ന ഒരു അവശ്യ പോഷകമാണ് വിറ്റാമിന്‍ സി. അതുപോലെ തന്നെ റാഡിഷ് നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിര്‍ത്തുന്നതിനും സഹായകമാണ്.
കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ സുപ്രധാന ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അവ എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് അത്യന്താപേക്ഷിതമാണ്. കലോറി കുറഞ്ഞ റൂട്ട് വെജിറ്റബിള്‍ കൂടിയാണ് റാഡിഷ്. റാഡിഷിലെ നാരുകള്‍ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.
ഭക്ഷണത്തില്‍ റാഡിഷ് ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. റാഡിഷില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും സഹായകമാണ്. റാഡിഷ് ചര്‍മ്മത്തിന്റെ രൂപവും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താന്‍ സഹായിക്കും. കൊളാജന്‍ ഉല്പാദനത്തിന് ആവശ്യമായ വിറ്റാമിന്‍ സി റാഡിഷില്‍ അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക