വീട്ടിൽ മോഷണത്തിന് എത്തിയ കള്ളന്മാരെ കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ട് ഡൗൺ സിൻഡ്രോമുള്ള 25 -കാരൻ. വടക്കുകിഴക്കൻ ഡൽഹിയിലെ ജ്യോതി നഗർ ഏരിയയിൽ തന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ രണ്ട് മോഷ്ടാക്കളെയാണ് ഡൗൺ സിൻഡ്രോമുള്ള 25 -കാരൻ ഒറ്റയ്ക്ക് നേരിട്ടത്. ഡിസംബർ 6 -ന് പകലായിരുന്നു സംഭവം.
വീട്ടിൽ കയറിയ കള്ളന്മാർക്ക് നേരെ യുവാവ് കളിത്തോക്ക് നീട്ടിയതും ഭയന്നുപോയ കള്ളന്മാർ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. റെയിൽവേ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന സത്പാൽ സിംഗിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. സംഭവ സമയത്ത് അദ്ദേഹത്തിൻറെ ഇളയ മകനായ നിശാന്ത് ചൗധരി വീട്ടിൽ തനിച്ചായിരുന്നു. വീടിൻറെ പൂട്ടു തകർത്ത് അകത്തു കയറിയ കള്ളന്മാർ വീട് അകത്തുനിന്ന് പൂട്ടിയതിനുശേഷമാണ് മോഷണം നടത്തിയത്.
എന്നാൽ ഈ സമയത്താണ് തൻറെ കൈവശം ഉണ്ടായിരുന്നു യഥാർത്ഥ തോക്ക് പോലെ തോന്നിക്കുന്ന കളിത്തോക്കെടുത്ത് നിശാന്ത് കള്ളന്മാർക്ക് നേരെ ചൂണ്ടിയത്. ഭയന്നുപോയ കള്ളന്മാർ വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണ ശ്രമം തടയാൻ സഹായിച്ച നിശാന്തിന്റെ സമയോചിതമായ ഇടപെടലിനെ പൊലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക