കറാച്ചി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതി ഗുരുതരമായതോടെ രണ്ടുദിവസം മുമ്പാണ് ദാവൂതിനെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. വിഷബാധയേറ്റതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പാകിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദ് ഇപ്പോള്‍ കഴിയുന്നതെന്നാണ് സൂചന. ദാവൂദ് ഇബ്രാഹിമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദാവൂദിന് എങ്ങനെ വിഷബാധയേറ്റുവെന്നതോ അതിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളോ എവിടെയും ലഭ്യമായിട്ടുമില്ല.
അതേസമയം, ദാവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിക്കാന്‍ മുംബൈ പൊലീസ് ശ്രമം തുടങ്ങിയിയിട്ടുണ്ട്. ദാവൂദിന്റെ ബന്ധുക്കളായ അലിഷാ പര്‍ക്കര്‍, സാജിദ് വാംഗ്ലെ എന്നിവരില്‍ നിന്ന് വിവരം തേടാനാണ് പൊലീസിന്റെ ശ്രമം. ദാവൂദ് ഇബ്രഹീം രണ്ടാം വിവാഹത്തിന് ശേഷം കറാച്ചിയില്‍ താമസിക്കുകയാണെന്ന് സഹോദരി ഹസീന പര്‍ക്കര്‍ ജനുവരിയില്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക