നമ്മുടെ നാവിലുണ്ടാകുന്ന സ്ഥിരമായ മാറ്റങ്ങള്‍ ചില ആരോഗ്യപ്രശ്നങ്ങളുടെസൂചനയാണ് നല്‍കുന്നത്. ആരും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. ദന്തശുചിത്വത്തിനൊപ്പം നാവിന്റെ ശുചിത്വവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. പാപ്പില്ലകള്‍, രുചി മുകുളങ്ങള്‍, മ്യൂക്കസ് മെംബറേന് എന്നിവയാല്‍ പൊതിഞ്ഞ ഒരു അവയവമാണ് നാവ്. നാവിന്റെ നിറവ്യത്യാസവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യസൂചനകള്‍ നോക്കാം.
നാക്കിനു മുകളിലുള്ള വെളുത്ത നിറം ശുചിത്വമില്ലായ്മയുടെ സൂചന നല്‍കും. ബാക്ടീരിയകളുടെ അമിത വളര്‍ച്ച, ഫംഗല്‍ അണുബാധ എന്നിവയുടെ ഫലമായി നാവില്‍ വെളുത്ത നിറം പ്രത്യക്ഷപ്പെടാം. നിര്‍ജലീകരണം മൂലവും ഇങ്ങനെ സംഭവിക്കാറുണ്ട്. ചുവന്ന സ്ട്രോബറി നിറത്തില്‍ നാവ് കാണുകയാണെങ്കില്‍ അത് വിറ്റാമിന്‍ കുറവു കൊണ്ടോ കാവസാക്കി രോഗം കാരണമോ ആകാം. രക്തധമനികളെ ബാധിക്കുന്ന, കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് കാവസാക്കി.
നാവിലെ ഫിലിഫോം പാപ്പില്ലകള്‍ നീളമേറിയതും നിറവ്യത്യാസവുമാകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ശുചിത്വമില്ലായ്മ, പുകവലി, അമിതമായ കാപ്പി അല്ലെങ്കില്‍ ചായ ഉപയോഗം, അമിതമായ ആന്റിബയോട്ടിക് ഉപയോഗം എന്നിവ കാരണം ഇങ്ങനെ സംഭവിക്കാം. രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയുന്നതിന്റെ ലക്ഷണമാണ് നാവില്‍ പ്രത്യക്ഷപ്പെടുന്ന നീല അല്ലെങ്കില്‍ പര്‍പ്പിള്‍ നിറം. രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയുമ്പോള്‍ സയനോസിസ്, കര്‍ഡിയോ വാസ്കുലാര്‍ രോഗങ്ങള്‍ എന്നിവ പ്രത്യക്ഷപ്പെടാം.
വിളറിയ അവസ്ഥയിലുള്ള നാവ് അനീമിയ അല്ലെങ്കില്‍ അയണിന്റെ അളവ് കുറയുന്നതിന്റെ ലക്ഷണമാണ്. ഇത് രക്തത്തിലെ ഓക്സിജന്റെ അളവിനെ ബാധിക്കും. ആവശ്യത്തിനുള്ള പോഷകത്തിന്റെ ആഗിരണം നടക്കാത്തതുകൊണ്ടാണ് നാവ് വിളറി കാണുന്നത്.
ക്രമരഹിതമായി ചുവന്ന പാടുകളും വെളുത്ത ബോര്ഡറുമായൊക്കെ കാണുന്ന നാവ് അത്ര പ്രശ്നമുള്ളതല്ലെങ്കിലും ചിലപ്പോള്‍ സോറിയോസിസ്, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ തുടങ്ങിയവയുടെ ലക്ഷണമായും നാവ് ഈ നിറത്തില്‍ കാണാം. ശുചിത്വമില്ലായ്മ, പുകവലി, ചില പ്രത്യേക ആഹാരങ്ങളുടെ അമിതോപയോഗം എന്നിവയുടെ ഫലമായി നാവ് മഞ്ഞ നിറത്തില്‍ പ്രത്യക്ഷപ്പെടാം. കരള്‍ രോഗങ്ങള്‍, പിത്താശയ പ്രശ്നങ്ങള്‍, മഞ്ഞപ്പിത്തം, സിറോസിസ് എന്നിവയുടെ ലക്ഷണമായും മഞ്ഞനിറം നാവില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക