ചാർജ് തീർന്നു വഴിയിൽ കിടക്കുമോ എന്ന ആശങ്ക അകന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ വൻവർദ്ധനവുമായി മലപ്പുറം ജില്ല. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക് പ്രകാരം ജനുവരി മുതൽ ഡിസംബർ 14 വരെ 9,304 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കാറുകളും ബൈക്കുകളും ആണ് രജിസ്റ്റർ ചെയ്തവയിൽ കൂടുതലും. കെഎസ്ഇബിയും അനർട്ടും കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ തുടങ്ങിയതും ഒറ്റ ചാർജിൽ കൂടുതൽ മൈലേജും സാങ്കേതിക മികവുമുള്ള വാഹനങ്ങളുമായി മുൻനിര നിർമ്മാതാക്കൾ രംഗത്തുവന്നതും എല്ലാം ഇലക്ട്രിക്കിലേക്കുള്ള വേഗം കൂട്ടുന്നതിന് കാരണമായിട്ടുണ്ട്.
2020ൽ 194 ഇലക്ട്രിക് വാഹനങ്ങൾ മാത്രം രജിസ്റ്റർ ചെയ്തിടത്ത് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത് 5,414 വാഹനങ്ങൾ ആണ്. രജിസ്റ്റർ ചെയ്യപ്പെടുന്ന ഇലക്ട്രിക് ഓട്ടോകളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ഒരുലക്ഷം മുതൽ ബൈക്കുകളും അരലക്ഷം മുതൽ ഇലക്ട്രിക് സ്കൂട്ടറുകളും 8 ലക്ഷം രൂപ മുതൽ മികച്ച ഇലക്ട്രിക് കാറുകളും ലഭിക്കും എന്നതും ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിച്ചു.
പതിവിന് വിപരീതമായി ഇക്കുറി ഡീസൽ വാഹനങ്ങളുടെ എണ്ണത്തെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം മറികടക്കുകയും ചെയ്തിട്ടുണ്ട്. 4,761 ഡീസൽ വാഹനങ്ങൾ ഈ വർഷം നിരത്തിലിറങ്ങിയപ്പോൾ ഇതിൽ ഏറിയ പങ്കും ഹെവി വാഹനങ്ങൾ ആണ്. ഒരുമാസം ശരാശരി 4,000ത്തിനു മുകളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന മലപ്പുറം ജില്ലയിൽ ജനുവരി മുതൽ ഇതുവരെ 56,242 വാഹനങ്ങൾ ആണ് രജിസ്റ്റർ ചെയ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക