കത്രീന കൈഫ്-വിജയ് സേതുപതി ചിത്രം ‘മെറി ക്രിസ്മസ്’ ന്റെ ട്രെയ്ലർ പുറത്തുവിട്ടു. ഹിന്ദി, തമിഴ് എന്നിങ്ങനെ രണ്ട് ഭാഷകളിലെത്തുന്ന ത്രില്ലർ ചിത്രത്തിന്റെ റിലീസ് പല കാരണങ്ങൾ കൊണ്ട് നീണ്ടുപോവുകയായിരുന്നു. 2024 ജനുവരി 12ന് ചിത്രം തിയേറ്ററുകളിൽ എത്തും.
കത്രീനയും സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നത് പ്രേക്ഷകരിൽ ആകാംക്ഷ നിറച്ചിരുന്നു. തിയേറ്ററിൽ കാത്തിരിക്കുന്നത് ആ ആകാംക്ഷയെയും വെല്ലുന്ന അനുഭവമാകും എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. ഹിന്ദി, തമിഴ് ട്രയിലറുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
സസ്പെൻസ് എന്ന ഉറപ്പിനൊപ്പം ഫാന്റസി കാഴ്ചകളുടെ സാധ്യതയും ഹിന്ദി ട്രെയ്ലറിൽ കാണാം. എന്നാൽ വ്യത്യസ്തമായ ‘പേസിൽ’ ഉള്ളതാണ് തമിഴ് ട്രെയ്ലർ.
ശ്രീറാം രാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പൂജയാണ് ചിത്രസംയോജനം നിർവ്വഹിച്ചത്.
തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായിരിക്കും സിനിമയുടെ താരനിര. ഹിന്ദി പതിപ്പിൽ സേതുപതിക്കും കത്രീന കൈഫിനും ഒപ്പം സഞ്ജയ് കപൂർ, വിനയ് പഥക്, പ്രതിമ കണ്ണൻ, ടിന്നു ആനന്ദ് എന്നിവരാണ് താരങ്ങൾ.
തമിഴ് പതിപ്പിൽ ഇവർക്ക് പകരം രാധിക ശരത്കുമാർ, ഷണ്മുഖരാജ, കെവിൻ ജെയ് ബാബു, രാജേഷ് വില്ല്യംസ് തുടങ്ങിയവർ അഭിനേതാക്കളാണ്. അശ്വിനി കല്‍സേക്കര്‍, രാധിക ആപ്തെ എന്നിവർ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക