രാവിലെ കഴിയ്ക്കുന്ന ആഹാരത്തില്‍ വളരെയേറെ ശ്രദ്ധപുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. രാവിലെ എഴുന്നേറ്റ ഉടനെ വെറുംവയറ്റില്‍ ആരോഗ്യകരമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. കാരണം ദീര്‍ഘനേരം ഭക്ഷണപാനീയങ്ങളേതുമില്ലാതെ ശരീരത്തിന് റെസ്റ്റ് നല്‍കിയതിന് ശേഷമാണ് നമ്മള് ബ്രേക്ക്ഫാസ്റ്റ് കഴിയ്ക്കുന്നത്.
ഇത്തരത്തില്‍ വെറുംവയറ്റില്‍ കഴിക്കാവുന്ന ഭക്ഷണങ്ങളെക്കുറിച്ച് നോക്കാം. വെറുംവയറ്റില്‍ ആദ്യം കുറഞ്ഞത് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളമെങ്കിലും കുടിക്കണം. വെള്ളം കുടിച്ചുകൊണ്ടേ ഒരു ദിവസം ആരംഭിക്കാന്‍ പാടുള്ളുവെന്നാണ് പൊതുവെ പറയുന്നത്. ഇതിന് ശേഷം മാത്രം ഖരപദാര്‍ത്ഥങ്ങള്‍ കഴിക്കാവുള്ളു.
വെറുംവയറ്റില്‍ കഴിക്കാവുന്ന ആരോഗ്യകരമായ ഒരു ഭക്ഷണമാണ് പപ്പായ. പഴുത്ത പപ്പായ ആണ് ഇങ്ങനെ കഴിക്കേണ്ടത്. നമ്മുടെ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന് സഹായിക്കുന്നൊരു വിഭവം ആണ് പപ്പായ. ഇങ്ങനെ വയര്‍ ‘ക്ലീന്‍’ ആക്കാനും, ദഹനം മെച്ചപ്പെടുത്താനും, ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം പപ്പായ സഹായിക്കുന്നു.
നട്ട്സും വെറുംവയറ്റില്‍ കഴിക്കാവുന്ന നല്ലൊരു ഭക്ഷണമാണ്. രാത്രിയില്‍ കുതിര്‍ത്തുവച്ച ബദാം രാവിലെ കഴിക്കുന്നത് ഏറെ നല്ലതാണ്. അതുപോലെ വാള്‍നട്ട്സും രാവിലെ കഴിക്കുന്നത് വളരെ നല്ലതാണ്. ഹെല്‍ത്തി ഫാറ്റ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിങ്ങനെയുള് അവശ്യഘടകങ്ങളാണ് ഇതിലൂടെ ശരീരത്തിലെത്തുന്നത്. നമുക്ക് ഊര്‍ജ്ജവും സന്തോഷവും പകരുന്നതിനും ഇവ സഹായിക്കുന്നു.
മുട്ടയാണ് രാവിലെ വെറുംവയറ്റില്‍ കഴിക്കാവുന്ന ആരോഗ്യകരമായ മറ്റൊരു ഭക്ഷണം. നമ്മുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍ എന്നിവയാലെല്ലാം സമ്പന്നമാണ് മുട്ട. കുറഞ്ഞ വിലയ്ക്ക് നമുക്ക് ലഭിക്കുന്ന ഏറ്റവും പോഷകപ്രദമായ ആഹാരമാണ് മുട്ട. മുട്ടയിലുള്ള അമിനോ ആസിഡുകളും ഹെല്‍ത്തി ഫാറ്റും ഇത് ദിവസം തുടങ്ങുന്നതിന് വളരെ അനുയോജ്യമായ ഭക്ഷണമാക്കി മാറ്റുന്നു. നമുക്ക് ഊര്‍ജ്ജം പകര്‍ന്നുതരാനും ഏറെ സഹായകമാണ് മുട്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക