കോഴിക്കോട്: കോഴിക്കോട് തീപിടിച്ച കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
രാത്രി ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ട് പൊലീസിനേയും നാട്ടുകാരേയും വിവരമറിയിച്ചത്. തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി തീയണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് മൃതദേഹം കണ്ടെത്തിയത്.
പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഫൊറൻസിക് സംഘം സ്ഥലത്തെത്തി ഇന്ന് പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക