ഇംഫാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരില്‍ പര്യടനം തുടരുന്നു. ഇന്ന് വൈകുന്നേരം യാത്ര നാഗാലാന്‍ഡില്‍ പ്രവേശിക്കും. ബസില്‍ സഞ്ചരിക്കുന്ന രാഹുല്‍ പ്രധാന ഇടങ്ങളില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും. തൗബലിലെ യുദ്ധസ്മാരകത്തിന് സമീപത്തുനിന്ന് ഇന്നലെ യാത്ര ആരംഭിക്കാന്‍ വൈകിയതോടെയാണ് ഇന്ന് കൂടെ മണിപ്പൂരില്‍ പര്യടനം നടത്തുന്നത്.
ഇന്ന് 8 മണിക്ക് ഇംഫാല്‍ വെസ്റ്റിലെ സെക്മായിയില്‍ നിന്ന് യാത്ര പുനരാരംഭിക്കും. 9:30 ന് കാങ്പോക്പിയിലും 11 ന് സേനാപതിയില്‍ ബസില്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും. നാല് ജില്ലകളിലൂടെ 104 കിലോമീറ്ററാണ് മണിപ്പുരിലെ യാത്ര. ഇതിന് ശേഷം ഇന്ന് വൈകുന്നേരം നാഗാലാന്‍ഡില്‍ എത്തും. തുടര്‍ന്ന് നാളെ രാവിലെ മുതല്‍ നാഗാലാന്‍ഡില്‍ നിന്ന് പര്യടനം തുടരും.
ഇന്നലെ ആരംഭിച്ച ന്യായ് യാത്രക്ക് വലിയ സ്വീകരണമാണ് മണിപ്പൂരില്‍ ലഭിച്ചത്. രാത്രിയും റോഡിന്റെ ഇരുവശങ്ങളിലും ആളുകള്‍ രാഹുലിനെ കാണാന്‍ കാത്തുനിന്നു. യാത്ര കടന്നുപോകുന്ന സംസ്ഥാനങ്ങളില്‍ വലിയ സ്വീകരണം ഒരുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളെയും യാത്രയുടെ അവസാനം വരെ ഭാഗമാക്കാനും ശ്രമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക