സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡിനായി അപേക്ഷ നൽകിയവരിൽ 45127 പേർക്കു കൂടി മുൻഗണനാ കാർഡ് നൽകുന്നു. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസിൽ ലഭിച്ച അപേക്ഷളും പരിഗണിച്ചാണ് ഇത്രയും പേർക്ക് മുൻഗണനാ കാർഡുകൾ നൽകുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ന് രാവിലെ 11ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ വിതരണോദ്ഘാടനം നിർവഹിക്കും.
ഈ സർക്കാർ ചുമതലയേറ്റ ശേഷം 39611 മഞ്ഞ കാർഡുകളും(എഎവൈ) 3,28,175 പിങ്ക് കാർഡുകളും(പി.എച്ച്.എച്ച്) ഉൾപ്പെടെ 3,67,786 മുൻഗണനാ കാർഡുകൾ തരംമാറ്റി വിതരണം ചെയ്തതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് വിതരണം ആരംഭിക്കുന്ന കാർഡുകൾ കൂടി ചേരുന്നതോടെ വിതരണം ചെയ്ത ആകെ മുൻഗണനാ കാർഡുകളുടെ എണ്ണം 4,12,913 ആകും. ദേശീയ ഭക്ഷ്യ നിയമം അനുശാസിക്കുന്ന മുൻഗണനാ വിഭാഗങ്ങൾക്കു പുറമേ മുഴുവൻ പേർക്കും ലഭ്യതയുടെ അടിസ്ഥാനത്തിൽ റേഷൻ കാർഡ് നൽകുന്ന സമീപനമാണു സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക