തിരുവനന്തപുരം: ഡിജിറ്റൽ ഇടപാടിനായി കെ.എസ്.ആര്.ടി.സി അവതരിപ്പിച്ച ‘ചലോ ആപ്പ്’ ഏപ്രിലിൽ സംസ്ഥാനത്തെ എല്ലാ ബസിലും നടപ്പിലാക്കും. ടിക്കറ്റ് ഇടപാടിന് പുറമെ ആപ്പ് വഴി യാത്രക്കാരന് ഏതൊക്കെ റൂട്ടിൽ ഏതൊക്കെ ബസ് ഉണ്ടെന്ന് അറിയാൻ സാധിക്കും. ആപ്പിലൂടെ ബസിന്റെ തത്സമയ സഞ്ചാരപാത വരെ കണ്ടെത്താനും യാത്രക്കാർക്ക് കഴിയും.
ഗതാഗത മന്ത്രി പരാമർശിച്ച where is my ksrtc ആപ്പ് എന്ന സങ്കൽപ്പം ‘ചലോ ആപ്പിൽ’ ഇതിനോടകം ക്രമീകരിച്ചു കഴിഞ്ഞു. പ്ലേ സ്റ്റോർ വഴി ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ യാത്രക്കാരന് ഒരു നിശ്ചിത റൂട്ടിൽ ഏതൊക്കെ ബസ് സർവീസ് നടത്തുന്നുണ്ടെന്ന് കൃത്യമായി അറിയാം. ബസ് എപ്പോൾ വരും, എവിടെയെത്തി, ബസിൽ കയറിയാൽ എവിടെ ഇറങ്ങണം തുടങ്ങിയ വിവരങ്ങളെല്ലാം ആപ്പ് പറഞ്ഞുതരും.
ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യാനുള്ള സാങ്കേതികവിദ്യയും ആപ്പിൽ സജ്ജമാക്കി. മുംബൈ ആസ്ഥാനമായ ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻറെ ചലോ ആപ്പ് ഇപ്പോൾതന്നെ പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സർക്കുലറിലെ 70 ബസുകളിൽ അവതരിപ്പിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക