മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്റെ’ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകര്‍. മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യൻ സിനിമ കണ്ടിട്ടില്ലാത്ത ഒന്നാണ് തങ്ങൾ ഒരുക്കിയിരിക്കുന്നത് എന്ന മോഹൻലാലിന്റെ വാക്കുകൾക്കൊപ്പമാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം സിനിമയുടെ ഷൂട്ടിങ് രംഗങ്ങൾ കാണിക്കുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി, ടിനു പാപ്പച്ചൻ തുടങ്ങിയ സിനിമയുടെ അണിയറപ്രവർത്തകരെയും മേക്കിങ് വീഡിയോയിൽ കാണാം. കാണുന്നതുമാത്രം വിശ്വസിക്കുക എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
https://www.facebook.com/ActorMohanlal/posts/pfbid02xqvSZB4eH3ttw3kehZpsqy6ChiBqMntd4NxjrDmQ5jb4MbCHpwtG5a4mLPnmTHWhl
മലൈക്കോട്ടൈ വാലിബനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന്റെ വലിയ പങ്ക് ചിത്രീകരണവും നടന്നത് രാജസ്ഥാന് മരുഭൂമിയില്‍ ആയിരുന്നു. ചെന്നൈയും പോണ്ടിച്ചേരിയുമായിരുന്നു മറ്റ് ലൊക്കേഷനുകള്‍. 130 ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് സിനിമയ്ക്ക് വേണ്ടിവന്നത്.
രാജസ്ഥാനിലെ കൊടും ചൂടും കൊടും തണുപ്പും നേരിട്ടാണ് ചിത്രീകരണസംഘം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ആക്ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്റെ അനായാസത എല്ലാവരും എടുത്തുപറയുന്ന ഒന്നാണ്. അത്തരത്തിലുള്ള ചില രംഗങ്ങളുടെ ഷൂട്ടിംഗ് രംഗങ്ങളും പുറത്തെത്തിയ മേക്കിംഗ് വീഡിയോയില്‍ ഉണ്ട്.
മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന് ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന് വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് ഇത്.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക