ഓരോ നാട്ടിലും വ്യത്യസ്തങ്ങളായ വിഭവങ്ങൾ നിലവിലുണ്ട്. രുചി വൈവിധ്യങ്ങളാൽ സമ്പന്നമായ കേരളത്തിന്റെ വിവിധ ജില്ലകളിൽ അവരവരുടെതായ രീതിയിലുള്ള ചെറിയ വിഭവങ്ങൾ എങ്കിലും ഉണ്ടായിരിക്കും. അത്തരത്തിൽ പാലക്കാട്ടുകാർ സാധാരണയായി ഉണ്ടാക്കുന്ന ഒരു വിഭവമാണ് മുളക് വറുത്ത പുളി.
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മുളകു വറുത്ത പുളി തയ്യാറാക്കുന്നതിന് വളരെ കുറച്ച് സമയവും കുറച്ച് സാധനങ്ങളും മാത്രം മതി. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ കുറച്ച് പുളിയെടുത്ത് വെള്ളത്തിൽ കുതിരാനായി വെക്കണം.
പിന്നീട് ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് ഇതിലേക്ക് അല്പം എണ്ണ ഒഴിച്ചു കൊടുക്കാം. പിന്നീട് കുറച്ച് കടുക് ചേർത്ത് പൊട്ടിച്ചെടുക്കാം. കടുക് പൊട്ടി കഴിയുമ്പോൾ ഇതിലേക്ക് അല്പം ചെറിയ ഉള്ളി അരിഞ്ഞത് ചേർത്തു കൊടുക്കാം. ഒന്നോ രണ്ടോ വറ്റൽമുളക് കൂടി പൊട്ടിച്ച് ഇതിലേക്ക് ചേർത്തു കൊടുക്കണം.
അല്പം കറിവേപ്പില കൂടി ചേർത്തു കൊടുക്കാം. ഇത് നല്ലതുപോലെ മൂത്ത് വന്നതിനുശേഷം ഇതിലേക്ക് നമ്മൾ എടുത്തു വച്ചിരിക്കുന്ന പുളി നല്ലതുപോലെ പിഴിഞ്ഞതിനുശേഷം അരിച്ചെടുത്ത് ചേർത്തു കൊടുക്കാം.
പാകത്തിന് വെള്ളം ഒഴിച്ച് നീട്ടാം. പാകത്തിന് ഉപ്പും ഒരു നുള്ള് മഞ്ഞൾ പൊടിയും ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് എടുക്കണം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മുളക് വറുത്ത പുളി തയ്യാർ. റേഷൻ അരി ചോറിന്റെ കൂടെ നല്ല കോമ്പിനേഷനാണ് ഈ കറി. മീൻ വറുത്തത് കൂടി ഉണ്ടെങ്കിൽ പിന്നെ കുശാലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക