കവിയും നിരൂപകനുമായ എൻ.കെ. ദേശം (87) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എടവിലങ്ങ് മകളുടെ വീട്ടിലായിരുന്നു താമസം. മൃതദേഹം കൊടുങ്ങല്ലൂർ ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എൻ. കുട്ടികൃഷ്ണപിള്ള എന്നാണ് മുഴുവൻ പേര്. ആലുവയിലെ ദേശം ഗ്രാമത്തിലായിരുന്നു ജനനം. ദേശം കൊങ്ങിണിപ്പറമ്പിൽ നാരായണ പിള്ളയുടെയും പൂവത്തുംപടവിൽ കുഞ്ഞിക്കുട്ടി പിള്ളയുടെയും മകനായി 1936 ഒക്ടോബർ 31നാണ് ജനനം.
സുവ്യക്തമായ ആശയങ്ങൾ ഹൃദായാവർജകമായി അവതരിപ്പിച്ചിട്ടുള്ള നിരവധി കവിതകൾ ദേശത്തിന്റേതായുണ്ട്.
പന്ത്രണ്ടാമത്തെ വയസ്സിൽ കവിതയെഴുതി തുടങ്ങിയ എൻ.കെ. ദേശം 1973-ൽ ആദ്യ സമാഹാരമായ അന്തിമലരി പ്രസിദ്ധീകരിച്ചു.
കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തൊന്നരക്ഷരാളി, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികൾ, ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനം എന്നിവയാണു പ്രധാന കൃതികൾ.
1982ൽ ഉല്ലേഖത്തിന് ആദ്യ ഇടശേരി അവാർഡ് ലഭിച്ചു. മുദ്ര എന്ന കവിതയ്ക്ക് 2009-ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
2013ൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ആശാൻ പുരസ്കാരത്തിന് ദേശം അർഹനായി. 2017ൽ പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഗീതാഞ്ജലിക്ക് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക