ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗത സംവിധായകനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം നിർവഹിച്ച ത്രില്ലർ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നു. തൊണ്ണൂറുകൾ കഥാപാശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ എസ് ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രമാണ് ടോവിനോ തോമസ് എത്തുന്നത്.
കുറ്റാന്വേഷണ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ കോട്ടയത്തെ ഒരു പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണവും അതേത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ആണ് പ്രമേയമാകുന്നത്. ടൊവിനോക്ക് പുറമേ സിദ്ദീഖ്,ഇന്ദ്രൻസ്,ഷമ്മി തിലകൻ,ബാബുരാജ്,പ്രമോദ് വെളിയനാട്,വിനീത് തട്ടിൽ, രമ്യ സുവി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ എഴുപതോളം താരങ്ങൾ അണിനിരക്കുന്നുണ്ട്.
വൻ താരനിരയും സംഭവബഹുലമായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ കാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്.
ഡോൾവിൻ കുര്യാക്കോസ്,ജിനു വി എബ്രഹാം, വിക്രം മെഹ്റ, സിദ്ധാർത് ആനന്ദ് കുമാർ എന്നിവർ ചേർന്ന് തീയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് സൈജു ശ്രീധർ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക