ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും ടീസറും പുറത്തുവിട്ടു. ‘അമരൻ’ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്.
കമൽ ഹാസനും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് അമരൻ നിർമ്മിക്കുന്നത്.സൈനികന്റെ വേഷത്തിലാണ് ചിത്രത്തിൽ ശിവകാർത്തികേയൻ എത്തുന്നത്.
സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ശിവകാർത്തികേയന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസർ പങ്കുവച്ചിരിക്കുന്നത്.
ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ്കുമാർ പെരിയസാമിയാണ്. ‘രംഗൂൺ’ എന്ന ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ഹൈ ആക്ഷൻ സിനിമയാണ് അമരൻ.
സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായിരിക്കും അമരൻ പ്രദർശനത്തിനെത്തുന്നത്.
‘വി മുകുന്ദ്’ എന്ന സൈനികന്റെ വേഷത്തിലാണ് ശിവകാർത്തികേയൻ എത്തുന്നത്. താരം ഇതുവരെ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രം കൂടിയാണ് അമരനിലേത്.
ശിവകാർത്തികേയന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൽ കാണാം. നീണ്ട നാളത്തെ ആക്ഷൻ പരിശീലനം നടൻ ഈ ചിത്രത്തിനായി നടത്തിയിരുന്നു.
ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.
ശിവകാർത്തികേയൻ നായകനായി ഏറ്റവും അവസാനം എത്തിയ ചിത്രം ‘അയലാൻ’ ആയിരുന്നു. തിയേറ്ററിൽ വലിയ വിജയം കൈവരിച്ചില്ലെങ്കിലും ഒടിടി റിലീസിന് ശേഷം നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
സൺ നെക്സ്റ്റിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ആർ രവികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സയൻസ് ഫിക്ഷൻ ഴോണറിലുള്ള ചിത്രത്തിൽ രാകുൽ പ്രീത് സിങ് ആണ് നായിക. ശരത് കേൽകർ, യോഗി ബാബു, ഭാനുപ്രിയ, കരുണാകരൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക