‘പുഞ്ചിരികളുടെ നാട്’ എന്നറിയപ്പെടുന്ന തായ്ലൻഡ്, വിനോദ സഞ്ചാരികളുടെ പ്രിയ രാജ്യമാണ്. അതി മനോഹരമായ ബീച്ചുകളും ആകർഷകമായ സംസ്കാരവും സാഹസിക വിനോദങ്ങളുമാണ് സഞ്ചാരികളെ തായ്ലഡിലേക്ക് ആകർഷിക്കുന്നത്. കൊവിഡ് മഹാമാരി തായ്ലൻഡ് ടൂറിസം മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇപ്പോൾ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് കൊണ്ടുവരാൻ പുതിയ മെഡിക്കൽ കവറേജ് ഏർപ്പെടുത്തിയിരിക്കുകയാണ് തായ്ലന്ഡ് സർക്കാർ.
പുതിയ കവറേജിനോട് അനുബന്ധിച്ച് സന്ദർശകർക്ക് എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിച്ചാൽ 14,000 ഡോളർ വരെ മെഡിക്കൽ കവറേജ് കിട്ടും. മരണപ്പെട്ടാൽ ഏകദേശം 37,270 യുഎസ് ഡോളർ നഷ്ടപരിഹാരമായി കുടുംബത്തിന് ലഭിക്കും. സ്ഥിരമായി അംഗവൈകല്യമുണ്ടാകുകയോ അവയവം നഷ്ടപ്പെടുകയോ ചെയ്യുകയാണെങ്കിൽ 300,000 തായി ബാറ്റ് ആണ് നഷ്ടപരിഹാരമായി കിട്ടുക. സംഭവം നടന്ന് 15 ദിവസത്തിനുള്ളിൽ വിനോദസഞ്ചാരികൾക്ക് ചികിത്സാച്ചെലവ് ക്ലെയിം ചെയ്യാൻ കഴിയും. പോസ്റ്റലായോ ഇ-മെയിൽ ആയോ ഇതിന് അപേക്ഷിക്കാം. ക്ലെയിം ചെയ്ത് 15 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് അധിക്യതർ നൽകുന്ന ഉറപ്പ്. മെഡിക്കൽ കവറേജിന് അപേക്ഷിക്കുന്ന വിനോദ സഞ്ചാരികൾക്ക് ട്രാവലർ സേഫ്റ്റി വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാൻ കഴിയും.
രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിന് ഈ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. വിനോദ സഞ്ചാരികൾക്കായി മെച്ചപ്പെട്ട സുരക്ഷാ നടപടികളാണ് തായ്ലാൻഡ് സർക്കാർ ഒരുക്കിയിരിക്കുന്നതെന്നും മെച്ചപ്പെട്ട സുരക്ഷയും സാമ്പത്തിക പരിരക്ഷയും ഉറപ്പു വരുത്തുന്നതിലുടെ കൂടുതൽ ആളുകൾ രാജ്യത്തേക്ക് എത്തുമെന്നാണ് കരുതുന്നതെന്നും ടൂറിസം മന്ത്രി സുദവൻ വാങ്സുഫകിജ്കോസോൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക