മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിൽ സുശാന്തിന്റെ സുഹൃത്ത് റിയ ചക്രവർത്തിക്കും സഹോദരനും പിതാവിനുമെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലറുകൾ ബോംബെ ഹൈക്കോടതി റദ്ദാക്കി.
എൽ.ഒ.സിക്കെതിരെ റിയ ചക്രവർത്തി, സഹോദരൻ ഷോക്, പിതാവ് ഇന്ദ്രജിത്ത് എന്നിവർ സമർപ്പിച്ച ഹരജികൾ ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെയും മഞ്ജുഷ ദേശ്പാണ്ഡെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആണ് ഹർജികൾ അംഗീകരിച്ചത്. സി.ബി.ഐയുടെ അഭിഭാഷകൻ ശ്രീറാം ഷിർസാത്ത് ബെഞ്ചിന്റെ ഉത്തരവ് നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു.
2020 ജൂണിലാണ് സുശാന്തിനെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 34കാരനായ നടനെ ബാന്ദ്രയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. നടന്റെ കാമുകി റിയ ചക്രവർത്തിയും കുടുംബാംഗങ്ങളും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചെന്ന് ആരോപിച്ച് സുശാന്ത് സിങ് രാജ്പുത്തിന്റെ പിതാവ് 2020 ജൂലൈയിൽ ബിഹാർ പൊലീസിൽ പരാതി സമർപ്പിക്കുകയായിരുന്നു. കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക