തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്.
ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 3 °C വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
താപനില ഉയരുന്ന സാഹചര്യത്തിൽ, ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
താപനില ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.
സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ പകല്‍ 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പി.എച്ച്.സി/സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും, താലൂക്ക്/ജില്ലാ/ജനറല്‍ ആശുപത്രി/മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമാര്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക