2024 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്കാരം ഛായഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്. അന്താരാഷ്ട്ര തലത്തിൽ മികവ് പുലർത്തുന്ന ഛായാഗ്രാഹകർക്ക് നൽകുന്ന പുരസ്കാരമാണിത്. മെയ് 24-ന് നടക്കുന്ന കാന്ഫെസ്റ്റിവലില്വച്ച് പുരസ്കാരം സമര്‍പ്പിക്കും. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരന് കൂടിയാണ് സന്തോഷ് ശിവന്.
അതിശയകരമായ കരിയറും അസാധാരണമായ മികവും പരിഗണിച്ചാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് സമിതി അറിയിച്ചു. യുവതലമുറയുമായി പ്രവര്ത്താനുഭവം പങ്കുവയ്ക്കാനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള വ്യക്തിയാണ് സന്തോഷ് ശിവൻ.
അന്തന്തഭദ്രം, ഉറുമി തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത സന്തോഷ് ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന സിനിമയില്‍ നായകവേഷത്തില്‍ അഭിനയിച്ചിരുന്നു.
തുപ്പാക്കി എന്ന തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 2014ല്‍ പത്മശ്രീ പുരസ്കാരം ലഭിച്ചു. 12 ദേശീയ പുരസ്കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്കാരങ്ങളും മൂന്ന് തമിഴ്നാട് സംസ്ഥാന പുരസ്കാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുള്ള സന്തോഷ് ശിവന്റെ കരിയറിലെ മറ്റൊരു അതുല്യനേട്ടമാണ് കാന്‍ ഫിലിം ഫെസ്റ്റിവലിലേത്.
2013 ലാണ് പിയര്‍ ആഞ്ജിനൊ പുരസ്കാരം ആരംഭിച്ചത്. ഫിലിപ്പ് റൂസലോട്ട്, വിൽമോസ് സിഗ്മണ്ട്, റോജർ എ ഡീക്കിൻസ്, പീറ്റർ സുഷിറ്റ്സ്കി, ക്രിസ്റ്റഫർ ഡോയൽ, എഡ്വേർഡ് ലാച്ച്മാൻ,സെസിലി ഷാങ്, ബ്രൂണോ ഡെൽബോണൽ, മോഡുര പാലറ്റ്, ആഗ്നസ് ഗോദാർഡ്, പമേല അൽബറാൻ, ഡാരിയസ് ഖോണ്ട്ജി, എവെലിൻ വാൻ റെയ്, ബാരി അക്രോയ്ഡ് എന്നിവർക്ക് പുരസ്കരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക