വൈശാഖ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം കൂടിയാണ് ടർബോ. ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മാസ് ലുക്കിലാണ് മമ്മൂട്ടിയെ വൈശാഖ് അവതരിപ്പിച്ചതെങ്കിൽ, സെക്കന്റ് ലുക്ക് പോസ്റ്ററിൽ പൊലീസ് സ്റ്റേഷനിൽ ചിരിച്ചുകൊണ്ടിരിക്കുന്ന ടർബോ ജോസിനെയാണ് കാണാൻ കഴിയുന്നത്.
മാസ്- കോമഡി- ആക്ഷൻ ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. മിഥുൻ മാനുവൽ തോമസാണ് ടർബോയുടെ തിരക്കഥ ഒരുക്കുന്നത്.
ചിത്രത്തിൽ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. തമിഴിൽ നിന്ന് അർജുൻ ദാസ്, തെലുങ്കിൽ നിന്ന് സുനിൽ, ഹിന്ദിയിൽ നിന്ന് കാബിർ ദുർഹാൻ സിംഗ്, കന്നടയിൽ നിന്ന് രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്.
ടർബോയുടെ ഷൂട്ടിംഗ് പൂർത്തിയായ വിവരം മമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മധുരരാജക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. മമ്മൂക്ക ഒരു രക്ഷകനാണ് എന്നാണ് ചിത്രത്തെ കുറിച്ച് സംവിധായകൻ വൈശാഖ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചത്.
‘ഈ മനോഹരമായ യാത്രയ്ക്ക് നന്ദി. 104 ദിവസത്തെ തുടർച്ചയായ ഷൂട്ടിംഗ്, എണ്ണമറ്റ ഓർമ്മകൾ, എന്നും നിലനിൽക്കുന്ന ബന്ധങ്ങൾ. ഫ്രെയിമുകൾക്ക് പിന്നിൽ പ്രവർത്തിച്ച ടീമിന് വലിയൊരു നന്ദി. നിങ്ങൾ നൽകുന്ന പിന്തുണ എന്റെ അഭിനിവേശം വർദ്ധിപ്പിക്കുകയാണ്. പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങൾ ഒരു ജീവൻ രക്ഷകനാണ്. മമ്മൂട്ടി കമ്പനിക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി! എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും എന്റെ പ്രിയ സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു’, വൈശാഖ് ഫേസ്ബുക്കിൽ കുറിച്ചു.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശം ദുൽഖർ സൽമാന്റെ വേഫെറൽ ഫിലിംസിനും ഓവർസീസ് പാട്നർ ട്രൂത്ത് ഗ്ലോബൽ ഫിലിംസ്നുമാണ്. വിഷ്ണു ശർമ്മ- ഛായാഗ്രാഹകൻ. ജസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു. എഡിറ്റർ- ഷമീർ മുഹമ്മദ്. സംഘട്ടനത്തിന് പ്രാധാന്യം ഏറെയുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിക്കുന്നത് ഫൊണിക്സ് പ്രഭു ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക