മൂന്നാം സീറ്റ് വിഷയത്തിൽ കോൺഗ്രസുമായുള്ള ചർച്ചയ്ക്ക് ശേഷം പ്രതികരണവുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസുമായി ലീഗ് നടത്തിയ ചർച്ച തൃപ്തികരമാണെന്നും അന്തിമ തീരുമാനം മറ്റന്നാൾ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസുമായി തൃപ്തികരമായ ചർച്ചയാണ് നടന്നത്. സാദിഖലി ശിഹാബ് തങ്ങൾ സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹം തിരിച്ചെത്തി മറ്റന്നാൾ പാണക്കാട് വച്ച് ലീഗ് യോഗം ചേരും എന്നും അതിനു ശേഷം ഇന്നത്തെ ചർച്ചകൾ കൂടി വിലയിരുത്തി അന്തിമ തീരുമാനം സ്വീകരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.
എന്നാൽ മൂന്നാം സീറ്റിന്റെ കാര്യത്തിൽ ലീഗിന് ഉറപ്പു ലഭിച്ചോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നൽകിയില്ല. കോൺഗ്രസുമായി ഇനി വിഷയത്തിൽ ചർച്ച നടത്തേണ്ട കാര്യമില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം അഭ്യൂഹങ്ങൾ വേണ്ട എന്നും അന്തിമ തീരുമാനം ലീഗ് യോഗത്തിനുശേഷം അറിയിക്കുമെന്നും പറഞ്ഞു.
മൂന്നാം സീറ്റ് വിഷയത്തിലെ ചർച്ചയ്ക്കായി ആലുവ ഗസ്റ്റ് ഹൗസിലാണ് കോൺഗ്രസ് ലീഗ് നേതാക്കൾ ഒത്തുകൂടിയത്. ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, പി എം എ സലാം, ഇടി മുഹമ്മദ് ബഷീർ എന്നിവരും കോൺഗ്രസിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എന്നിവരും ആലുവ ഗസ്റ്റ് ഹൗസിൽ വെച്ച് നടന്ന ചർച്ചയിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക