മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി സംസ്ഥാനത്ത് പുരോഗമിക്കുന്നു. ഭിന്നശേഷി മേഖലയിലെ പ്രമുഖ വ്യക്തികളുമായി ‘ഭിന്നശേഷി സൗഹൃദ കേരളം നവ കേരള കാഴ്ചപ്പാട്’ എന്ന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടി നാളെ നടക്കും.
തിരുവനന്തപുരം ജില്ലയിലെ ആർ ഡി ആർ കൺവെൻഷൻ സെന്ററിൽ നാളെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് പരിപാടി നടക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിലുള്ള ഭിന്നശേഷി മേഖലയിലെ വ്യക്തികൾ മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണക്കത്തുമായാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
മുഖാമുഖം പരിപാടിയിൽ ഭിന്നശേഷിക്കാർ, ഭിന്നശേഷി മേഖലയിൽ സംഭാവന ചെയ്യുന്ന വ്യക്തിത്വങ്ങൾ, ഭിന്നശേഷിക്കാരായ കലാ -കായിക- സാംസ്കാരിക പഠന ഗവേഷണ മേഖലകളിലെ പ്രമുഖർ തുടങ്ങിയവരും വയോജന മേഖലയിലുള്ളവരും പങ്കെടുക്കും.
മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യം ചോദിക്കാനുള്ള അവസരം 50 പേർക്ക് ലഭിക്കും. ബാക്കിയുള്ളവർക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ തൽസമയം എഴുതി നൽകാവുന്നതാണ്. സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. പരിപാടിയിൽ മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ ഡോ. ആർ ബിന്ദു, വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവരും തിരുവനന്തപുരം ജില്ലയിലെ എംഎൽഎമാരും പങ്കെടുക്കും.
ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരായ ജയ ഡാളി, ഗിരീഷ് കീർത്തി, പിടി ബാബുരാജ്, പി എസ് കൃഷ്ണകുമാർ, ഗോകുൽ രത്നാകർ തുടങ്ങിയവർ മുഖ്യമന്ത്രിയുമായി സംവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക