‘മഞ്ഞുമ്മൽ ബോയ്സ്’ ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമ നാലുദിവസം കൊണ്ട് ആഗോളതലത്തിൽ 36.11 കോടിയാണ് നേടിയിരിക്കുന്നത്.
പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി ഗംഭീര അഭിപ്രായങ്ങളോടെ പ്രദര്‍ശനം തുടരുന്ന ചിത്രം സൗഹൃദത്തിന്റെ ആഴവും ഇഴയടുപ്പവുമാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
റിലീസിന് മുൻപേ ചിത്രത്തിന് ലഭിച്ച ഹൈപ്പ് ചെറുതല്ലായിരുന്നു. ആദ്യ ദിനത്തെക്കാൾ വലിയ തിരക്കാണ് പിന്നീടുള്ള ദിവസങ്ങളിൽ ലഭിച്ചത്. കേരളത്തില്‍ മാത്രമല്ല എല്ലാകോണുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സിനിമ ഒരു കോടി രൂപയാണ് ഇതുവരെ തമിഴ്നാട്ടിൽ നിന്ന് നേടിയിരിക്കുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് അടുത്ത ദിവസങ്ങളിലായി 50 ലക്ഷത്തിലധികം രൂപ സിനിമ കളക്റ്റ് ചെയ്യുമെന്ന് അനലിസ്റ്റുകൾ പറയുന്നു. ‘ജാൻ എ മൻ’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.
ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിന് ശ്യാമിന്റെ സംഗീതവും കൊടൈക്കനാലിന്റെ വശ്യതയേയും നിഗൂഡതകളെയും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഞ്ഞടിക്കുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂറും 15 മിനിറ്റുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക