ഡെനി വില്ലെനൊവ്വ സംവിധാനം ചെയ്യുന്ന എപ്പിക് സയൻസ് ഫിക്ഷൻ ചിത്രം ഡ്യൂൺ രണ്ടാം ഭാഗം മാർച്ച് ഒന്നിനു തിയറ്ററുകളിലെത്തും. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ കാത്തിരിക്കുന്ന സിനിമ കൂടിയാണിത്. 2021ൽ പുറത്തിങ്ങിയ ഡ്യൂണിന്റെ തുടർച്ചയാണ് ഡ്യൂൺ 2.
190 മില്യൻ ഡോളറാണ് സിനിമയുടെ ആകെ മുതൽമുടക്ക്. ഹോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നാണിത്. എന്നാൽ അവതാർ 2വിന് 460 മില്യനായിരുന്നു ബജറ്റ്. അതുമായി താരതമ്യം ചെയ്യാനാകില്ലെങ്കിലും വിഷ്വൽ–സൗണ്ട് എഫക്ട്സിൽ ഡ്യൂൺ മറ്റേതു വമ്പൻ സിനിമയ്ക്കൊപ്പം കിടപിടിക്കും.
ബോക്സ്ഓഫിസിലും സിനിമയ്ക്കു മികച്ച പ്രതികരണം ലഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. 170 മില്യൻ ഡോളറാണ് ആദ്യവാരം പ്രതീക്ഷിക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്സ് ആണ് ചിത്രത്തിന്റെ നിർമാണം.
ഫ്രാങ്ക് ഹെർബെർട്ട് ഇതേപേരിലെഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഡ്യുൺ. തിമോത്തെ ഷാലമെ, റെബേക്ക ഫെർഗസൻ, ജോഷ് ബ്രോളിൻ, ഡേവിഡ് ബാറ്റിസ്റ്റ, സെൻഡായ, ജാവിയർ ബാർഡെം തുടങ്ങിയവരാണ് സിനിമയിലെ മുഖ്യ അഭിനേതാക്കൾ. ഓസ്റ്റിൻ ബട്ലറിന്റെ വില്ലൻ വേഷമാകും സിനിമയുടെ മറ്റൊരു ആകർഷണം.
സംഗീതം ഹാൻസ് സിമ്മെർ നിര്‍വഹിക്കുന്നു. സിനിമയുടെ ആദ്യഭാഗം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക