വിവിധ ഗുണങ്ങളുള്ള ഏറ്റവും പ്രശസ്തമായ എണ്ണകളിൽ ഒന്നാണ് ടീ ട്രീ ഓയിൽ. ആയുർവേദത്തിന്റെ സമഗ്ര ശാസ്ത്രം പുരാതന കാലം മുതൽ ഈ എണ്ണയെക്കുറിച്ച് തെളിവുകൾ നൽകുന്നു. എല്ലാ ആയുർവേദ ത്രിദോഷങ്ങളെയും സന്തുലിതമാക്കുന്നതിലൂടെ ടീ ട്രീ ഓയിലിന് വലിയ പ്രാധാന്യമുണ്ട്. ഓസ്ട്രേലിയയിലെ ചതുപ്പ് നിലങ്ങളിൽ വളരുന്ന ഒരു പ്രത്യേക തരം ചെടിയാണ് ടീ ട്രീ. കുറ്റിച്ചെടിയായി കാണപ്പെടുന്ന ഈ സസ്യത്തിൽ നിന്നാണ് ടീ ട്രീ ഓയിൽ തയ്യാറാക്കുന്നത്.
ചർമ്മത്തിന്റെ തിളക്കം കൂട്ടുന്നതിനും ഭംഗിയുള്ള മുടി ലഭിക്കുന്നതിനുമെല്ലാം ടീ ട്രീ ഓയിൽ ഉപയോഗം ഗുണം ചെയ്യും. ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആന്റിസെപ്റ്റിക് തുടങ്ങിയ സവിശേഷതകൾ ഉള്ളതിനാൽ സൗന്ദര്യ സംരക്ഷണം മാത്രമല്ല, ചില ആരോഗ്യപരമായ ഉപയോഗങ്ങൾ കൂടിയുണ്ട് ടീ ട്രീ ഓയിലിന്.
ടീ ട്രീ ഓയിലിന്റെ ഗുണങ്ങളും ഉപയോഗങ്ങളും
- ചർമത്തിലെ വരണ്ട അവസ്ഥ മാറ്റി ചർമത്തെ തിളക്കമുള്ളതാക്കാൻ ടീ ട്രീ ഓയിൽ സഹായിക്കും. കൂടാതെ, എക്സിമയെ ചികിത്സിക്കുന്നതിൽ സിങ്ക് ഓക്സൈഡ്, ക്ലോബെറ്റാസോൺ ബ്യൂട്ടൈറേറ്റ് ക്രീമുകളേക്കാൾ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
- ടീ ട്രീ ഓയിലിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങൾക്ക് എണ്ണമയമുള്ള ചർമ്മത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഗുണം ലഭിക്കുന്നതിനായി ടീ ട്രീ ഓയിൽ ഏതെങ്കിലും ടോണർ, മോയ്സ്ചുറൈസർ അല്ലെങ്കിൽ സൺസ്ക്രീൻ എന്നിവയിൽ ഉപയോഗിക്കാം.
- ടീ ട്രീ ഓയിൽ ഉപയോഗം തലയിലെ താരനെ പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുമെന്ന് ഉറപ്പ്. കൂടാതെ മുടി വളർച്ച വേഗത്തിലാക്കാനും മുടിയ്ക്ക് തിളക്കം നൽകാനുമെല്ലാം ടീ ട്രീ ഓയിലിന് കഴിയും. പതിവായി ഉപയോഗിക്കുന്ന എണ്ണയിൽ യോജിപ്പിച്ചുകൊണ്ട് ടീ ട്രീ ഓയിൽ തലയോട്ടിയിൽ തേച്ചു പിടിപ്പിക്കണം. 20 മിനിറ്റിനു ശേഷം ഇത് കഴുകി കളയാം. ഇതിനായി ഉപയോഗിക്കുന്ന ഷാംപൂ കണ്ടീഷണർ എന്നിവ വാങ്ങുമ്പോൾ ടീ ട്രീ ഓയിൽ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയാൽ നല്ലത്.
- മുഖക്കുരു തടയാനുള്ള മികച്ച പ്രതിവിധിയാണ് ടീ ട്രീ ഓയിൽ. ചുവന്നു തുടുത്തതും വേദനയുള്ളതുമായ കുരുക്കളെ പെട്ടെന്ന് ഇല്ലാതാക്കാനും പാടുകൾ മായ്ച്ചു കളയാനും കഴിവുള്ളതാണ് ടീ ട്രീ ഓയിലിലെ ഘടകങ്ങൾ.
- തുടർച്ചയായി ഉപയോഗിക്കുകയാണെങ്കിൽ മുഖക്കുരുവിന്റെ പാടുകളില്ലാത്തതും തിളക്കമുള്ളതുമായ ചർമം ലഭിക്കും. മുഖക്കുരുവിന്റെ അടയാളങ്ങൾ പൂർണമായും മാറ്റുന്നതോടൊപ്പം ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവയെ ഇല്ലാതാക്കുകയും ചെയ്യുന്നു.
- ടീ ട്രീ ഓയിലിന് ആന്റിഫംഗൽ സവിശേഷത ഉള്ളതിനാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി പാദങ്ങളിലുണ്ടാകുന്ന ഫംഗസ് രോഗങ്ങൾ പൂർണമായും ഇല്ലാതാക്കാൻ ഇതിന് കഴിയും.
- സോറിയാസിസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ ടീ ട്രീ ഓയിലിന് കഴിയും. ഇത് തെളിയിക്കുന്ന ശാസ്ത്രീയ പഠനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും ഉപയോഗിച്ചവരിൽ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
- ജനനേന്ദ്രിയ അവയവങ്ങളിലോ അതിന്റെ വശങ്ങളിലോ ഉണ്ടാവുന്ന ഫംഗസ് രോഗങ്ങൾ മാറ്റാൻ കഴിവുള്ളതാണ് ടീ ട്രീ ഓയിൽ. ഹെർപ്പസ് പോലെ ഗുരുതരമാകുന്ന രോഗാവസ്ഥയുടെ തീവ്രത കുറയ്ക്കാനും ഇതിന്റെ ഉപയോഗം ഗുണം ചെയ്യും.
- വായ്നാറ്റം മറികടക്കാൻ ടീ ട്രീ ഓയിൽ സഹായിക്കും. കൂടാതെ വായിൽ വ്രണം, മോണയിലെ അണുബാധ, ദുർഗന്ധം എന്നിവയ്ക്ക് ടീ ട്രീ ഓയിൽ സുരക്ഷിതമായി ഉപയോഗിക്കാം.
- സ്ത്രീകൾക്ക് യോനിയിൽ നിന്നുള്ള വൈറ്റ് ഡിസ്ചാർജ് പ്രശ്നങ്ങളും അതിന്റെ ഭാഗമായുള്ള ദുർഗന്ധവും മറികടക്കാൻ ടീ ട്രീ ഓയിൽ ഉപയോഗം സഹായിക്കും. ടീ ട്രീ ഓയിൽ വെള്ളത്തിൽ കലർത്തി ഒരു കോട്ടൺ ഉപയോഗിച്ച് ഈ ഭാഗങ്ങൾ തുടയ്ക്കുന്നത് ഗുണം ചെയ്യും.
- പൊട്ടി പോകുന്നതും ദ്രവിക്കുന്നതുമായ നഖങ്ങൾ അനാരോഗ്യത്തിന്റെ ലക്ഷണമാണ്. ഇത് പരിഹരിക്കാൻ ടീ ട്രീ ഓയിൽ നഖങ്ങളിൽ പുരട്ടുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക