തിയേറ്ററുകളിൽ റിലീസ് ചെയ്ത അന്നുമുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടി വിജയകരമായ പ്രദർശനം തുടരുന്ന ചിത്രമാണ് നെസ്ലനെ നായകനാക്കി ഗിരീഷ് എ ഡി ഒരുക്കിയ ‘പ്രേമലു’ എന്ന ചിത്രം. ഒരു തവണ കണ്ടവർ തന്നെ വീണ്ടും വീണ്ടും ചിത്രം കാണുകയാണ്. അത്ര കണ്ട് എന്തോ ഒരു മാന്ത്രികത ചിത്രത്തിനുണ്ട്.
ചിത്രത്തിലെ കോമഡിയും നെസ്ലിന്റെ അഭിനയമികവും ചിത്രത്തിന്റെ മികച്ച വിജയത്തിന് കാരണമായിട്ടുണ്ട്. റിലീസ് ചെയ്ത് നാലാം ആഴ്ചയിലും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രം 80 കോടിക്ക് മുകളിലാണ് ഇതുവരെയായി ഗ്രോസ് കളക്ഷൻ നേടിയത്. നിറഞ്ഞ സദസ്സിൽ പ്രദർശനം ഇപ്പോഴും തുടരുന്ന ചിത്രം താൻ 14 തവണ കണ്ടു എന്ന് കമന്റ് ചെയ്ത ആരാധകയ്ക്ക് ടോപ്പ് ആൻഡ് പാസ് നൽകിയിരിക്കുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ.
ചിത്രത്തിന്റെ തെലുങ്ക് റിലീസ് അനൗൺസ് ചെയ്ത പോസ്റ്റിനു താഴെയാണ് ആര്യ ആർകുമാർ എന്ന ആരാധിക ഇത്തരത്തിൽ കമന്റ് ചെയ്തത്. “ഞാൻ 14 തവണ പ്രേമലു കണ്ടു. ഇനി തെലുങ്കിലും കാണും “. ഭാവന സ്റ്റുഡിയോസിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ ലഭിച്ച ഈ കമന്റിൽ ഇതിന് മറുപടിയായി ആര്യയ്ക്ക് എത്ര തവണ വേണമെങ്കിലും ടിക്കറ്റില്ലാതെ തന്നെ പ്രേമലു തീയറ്ററിൽ കാണുവാനുള്ള പാസ് നൽകിയാണ് ഭാവന സ്റ്റുഡിയോസ് നന്ദി അറിയിച്ചത്.
കൊല്ലം ജില്ലയിലെ ആര്യയുടെ വീട്ടിലെത്തി ഭാവന സ്റ്റുഡിയോസിന്റെ പ്രതിനിധി തന്നെയാണ് ടോപ്പ് ഫാൻ പാസ് കൈമാറിയത്. കേരളത്തിനു പുറമേ തെന്നിന്ത്യയിലും മികച്ച പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. മൊഴിമാറ്റ പതിപ്പിന്റെ ഡബ്ബിങ് ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് മാർച്ച് എട്ടിന് തീയറ്ററുകളിൽ എത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.
നെസ്ലിൻ,മമിതാ ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നി ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഗിരീഷ് എ ഡി, കിരൺ ജോസി എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സലീം, മീനാക്ഷി രവീന്ദ്രൻ എന്നിവർ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക