കിഫ്ബി മസാല ബോണ്ട് കേസിൽ വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡോ ടി എം തോമസ് ഐസക്കിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. മസാല ബോണ്ട് ഇടപാടിലെ മുഴുവൻ രേഖകളുമായി മാർച്ച് 12ന് ഹാജരാകണം എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർദ്ദേശിച്ചിരിക്കുന്നത്.
തോമസ് ഐസക്കിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇത് ആറാം തവണയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിന് നോട്ടീസ് അയക്കുന്നത്. സമൻസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഈ ആവശ്യം തള്ളിയിരുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകുന്നതിൽ തടസ്സം എന്താണെന്ന് തോമസ് ഐസക്കിനോട് ചോദിച്ച ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. മസാല ബോണ്ട കേസ് ഈ മാസം ഏഴിന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇ ഡി ഇപ്പോൾ തോമസ് ഐസക്കിന് ഹാജരാകാൻ നിർദേശിച്ച് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.
അതേസമയം ഇഡി നോട്ടീസ് നിയമവിരുദ്ധമാണ് എന്നും ഇഡിക്ക് മുമ്പാകെ ഹാജരാകില്ലെന്നുമാണ് തോമസ് ഐസക്കിന്റെ നിലപാട്. മസാല ബോണ്ട് ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തോമസ് ഐസക്കിന് കൂടുതൽ അറിയാമെന്നാണ് ഇഡിയുടെ വാദം. അദ്ദേഹത്തെ ഇപ്പോൾ അറസ്റ്റ് ചെയ്യുകയില്ലെന്നും ചോദ്യം ചെയ്യുക മാത്രമേ ചെയ്യുകയുള്ളൂ എന്നും ഇ ഡി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക