ഹോളിവുഡ്: 96ആമത് ഓസ്കർ അവാർഡ് പ്രഖ്യാപനം നാളെ. ഇന്ത്യൻ സമയം രാവിലെ ഏഴോടെ ചടങ്ങുകൾ തുടങ്ങും. ഓപൻഹെയ്മറും ബാർബിയും അടക്കം തീയറ്ററുകളിലും നിറഞ്ഞ കയ്യടി നേടിയ ചിത്രങ്ങളാണ് ഈ വര്ഷം ഏറ്റുമുട്ടുന്നത്.
നാട്ടു നാട്ടു മുഴങ്ങിക്കേട്ട 95ആം ഓസ്കർ വേദിയിൽ നിന്ന് 96ആം പതിപ്പിലേക്ക് വരുമ്പോൾ മത്സരചിത്രം ഏറെകുറെ വ്യക്തം. ഇതിനകം 7 ബാഫ്റ്റയും 5 ഗോൾഡൺ ഗ്ലോബും സ്വന്തമാക്കിയ ഓപൻഹെയ്മറിൽ തന്നെ ആണ് എല്ലാ കണ്ണുകളും. ആറ്റം ബോംബിന്റെ പിതാവ് ജെ റോബർട്ട് ഓപൻഹെയ്മറിന്റെ കഥ പറയുന്ന സിനിമ ഓസ്കറിലും തല ഉയർത്തി നിൽക്കുമെന്ന് പ്രതീക്ഷ.
ഒരുതരത്തിലുള്ള അട്ടിമറികളും സംഭവിച്ചില്ലെങ്കിൽ മികച്ച ചിത്രം, നടൻ, സംവിധായകൻ തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം നോളൻ ചിത്രം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും എന്നാണ് പ്രവചനം. നടിമാരുടെ ക്യാറ്റഗറിയിൽ പുവർ തിംഗ്സ് നായിക എമ്മ സ്റ്റോണും കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ താരം ലിലി ഗ്ലാഡ്സ്റ്റണും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം.
തീയറ്ററുകളിലും തരംഗം ഉയർത്തിയ പുവർതിംഗ്സും കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണും ബാർബിയുമൊക്കെ സിനിമാ ആസ്വാദകാരുടെ ഓസ്കർ പ്രതീക്ഷകളാണ്. സംവിധായകയും നായികയും നോമിനേറ്റ് ചെയ്യാപ്പെടാഞ്ഞത് വിവാദത്തിന് വഴിവെച്ചെങ്കിലും, ബാർബി സംഗീതവിഭാഗത്തിലടക്കം രണ്ടിലധികം അവാർഡുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക