നിരവധിയാളുകളെ ബാധിക്കുന്ന പ്രശ്നമാണ് സൈനസൈറ്റിസ്. ജലദോഷം വഷളാകുമ്പോൾ മൂക്കിന്റെ വശങ്ങളിലുള്ള വായു അറകളിൽ അണുബാധ പടരുന്ന അവസ്ഥയാണ് സൈനസൈറ്റിസ്. സൈനസൈറ്റിസ് തന്നെ പല തരം ഉണ്ട്. പല കാരണങ്ങള്‍ കൊണ്ടും സൈനസ് ഉണ്ടാകാം. ശക്തമായ ജലദോഷം, സ്ഥിരമായുള്ള അലർജി, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന ദശകൾ, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന മൂക്കിന്റെ പാലത്തിന്റെ വളവ്, പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാനപ്പെട്ട കാരണങ്ങൾ.
മൂക്കിന് ചുറ്റുമുള്ള എല്ലുകളുടെ ഉള്ളിലുള്ള വായുനിറഞ്ഞ അറകളാണ് സൈനസ്. നെറ്റിയുടെ പിറകിലുള്ള സൈനസിനെ ഫ്രോണ്ടൽ സൈനസ്, കണ്ണുകളുടെ താഴെയുള്ളതിനെ മാക്സില്ലറി സൈനസ്, കണ്ണിന്റെയും മൂക്കിന്റെയും ഇടയിലുള്ളതിനെ എത്മോയിഡ് സൈനസ്, മൂക്കിന്റെ ഏറ്റവും പിറകിലുള്ളതിനെ സ്ഫിനോയിഡ് സൈനസ് എന്നിങ്ങനെയാണ് വിളിക്കുന്നത്.
ഈ അറകളുടെ ഭിത്തിയിൽ നിന്നുണ്ടാകുന്ന കഫം സാധാരണമായി സൈനസിന്റെ ചെറിയ ഒരു ദ്വാരത്തിലൂടെ മൂക്കിലേക്ക് നിരന്തരം വന്നുകൊണ്ടേയിരിക്കും. ഏതെങ്കിലും കാരണത്താൽ ഈ ദ്വാരം അടയുകയാണെങ്കിൽ സൈനസിലെ കഫം അവിടെത്തന്നെ കെട്ടിക്കിടന്ന് അതിൽ പഴുപ്പുണ്ടാകുന്നു. ഇതിനെയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്.
സൈനസൈറ്റിസുള്ള സമയത്ത് അതിനെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
- തണുത്ത ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നത് വളരെ നല്ലതാണ്. പകരം ചൂട് സൂപ്പ്, ചൂട് ചായ തുടങ്ങി ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് സൈനസൈറ്റിസിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
- സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും വളരെ നല്ലതാണ്. വിറ്റാമിന്‍ സിയും സിട്രിക് ആസിഡും ധാരാളം അടങ്ങിയ പഴങ്ങള്‍ രോഗ പ്രതിരോധശേഷി കൂട്ടാനും സൈനസൈറ്റിസിനെ നിയന്ത്രിക്കാനും സഹായിക്കും. ഇതിനായി ഓറഞ്ച്, നാരങ്ങ, കിവി, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
- ആന്റി ഓക്സിഡന്റുകളും സള്‍ഫറും ധാരാളം അടങ്ങിയ വെളുത്തുള്ളി കഴിക്കുന്നതും സൈനസൈറ്റിസിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചിയും സൈനസൈറ്റിസിനെ പ്രതിരോധിക്കാന്‍ സഹായിക്കും.
സൈനസിനെ തടയാന്‍ ചെയ്യേണ്ടത്…
- തണുപ്പടിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക. ശരീരം എപ്പോഴും ചൂടായിരിക്കാന്‍ ശ്രദ്ധിക്കണം. അതിനായി ശരീരത്തിന് ചൂടുനല്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക.
- ജലദോഷം ഉണ്ടെങ്കില്‍, അത് മാറാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക. അതിനായി മുഖത്ത് ആവി പിടിക്കുക. അതുപോലെ തന്നെ ചുവന്നുള്ളി ചതച്ചെടുത്ത നീര്, തുളസിയില നീര്, ചെറുതേൻ എന്നിവ സമാസമം എടുത്ത് മൂന്ന് നേരം സേവിക്കുക.
- പൊടിയടിക്കാതെയിരിക്കുക. കൂടാതെ പുക ശ്വസിക്കാതിരിക്കാനും ശ്രദ്ധിക്കുക. അതിനാല്‍ പുകവലി ഉപേക്ഷിക്കാം.അലര്‍ജി ഉള്ള വസ്തുക്കള്‍ ഉപയോഗിക്കാതെയിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
വെള്ളം ധാരാളം കുടിക്കുക. കാരണം നിർജ്ജലീകരണവും സൈനസിന്റെ ആക്കം കൂട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക