കൊടും ചൂടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ചൂട് വർദ്ധിക്കുന്നതോടൊപ്പം നിരവധി ആരോഗ്യ പ്രശ്നങ്ങളും പലർക്കും ഉണ്ടാകുന്നുണ്ട്. തൊണ്ടവേദനയും ജലദോഷവും ദഹന പ്രശ്നങ്ങളും എല്ലാം ഇതിൽ ചിലതു മാത്രം. എന്നാൽ വർദ്ധിച്ചുവരുന്ന ചൂട് കാരണം ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ അകറ്റുന്നതിന് ദിവസവും നാരങ്ങയും മഞ്ഞളും കുരുമുളകും ഇട്ട് വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.
ഈ ഡ്രിങ്ക് എങ്ങനെ ഉണ്ടാക്കാം എന്നും ദിവസവും ശീലമാക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്നും നോക്കാം. ആദ്യം തന്നെ സാധാരണ നമ്മൾ നാരങ്ങാവെള്ളം ഉണ്ടാക്കുന്നതുപോലെ നാരങ്ങ പിഴിഞ്ഞൊഴിക്കണം. ഇതിലേക്ക് ഒരു നുള്ള് മഞ്ഞളുംഅല്പം കുരുമുളക് ചതച്ചതും ചേർത്തു കൊടുക്കാം. ആവശ്യമെങ്കിൽ മാത്രം മധുരം ചേർക്കാവുന്നതാണ്.
നാരങ്ങ- മഞ്ഞൾ- കുരുമുളക് വെള്ളത്തിൽ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കും. ചെറിയ ചൂടുള്ള വെള്ളത്തിൽ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ചതിനുശേഷം അതിലേക്ക് ഒരു നുള്ള് മഞ്ഞളും കുരുമുളകും ചേർത്ത് കുടിക്കുന്നതിലൂടെ തൊണ്ടവേദന അകറ്റുന്നതിന് ഗുണം ചെയ്യും.
നാരങ്ങാവെള്ളം ദിനവും ശീലമാക്കുന്നത് ദഹന പ്രശ്നങ്ങൾക്കുള്ള മികച്ച ഒരു പ്രതിവിധിയാണ്. കുടലിന്റെ ആരോഗ്യത്തിന് മഞ്ഞളും കുരുമുളകും കൂടി ചേർക്കുന്നത് ഗുണം ചെയ്യുകയും ചെയ്യും. നിർജലീകരണം ധാരാളമായി ഉണ്ടാകാനിടയുള്ളതിനാൽ വേനൽക്കാലത്ത് നാരങ്ങയും മഞ്ഞളും കുരുമുളകും ചേർത്ത വെള്ളം ശീലമാക്കുന്നത് നല്ലതാണ്.
വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യതയെ ചെറുക്കുന്നതിനും ഈ വെള്ളം പതിവായി കുടിക്കുന്നത് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഈ വെള്ളം ദിവസവും ശീലമാക്കുന്നതിലൂടെ സാധിക്കും. ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ആന്റിഓക്സിഡന്റുകൾ ഈ പാനീയത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക