ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പൗരത്വം ലഭിക്കുന്നതിനായി മതത്തെ അടിസ്ഥാനമാക്കുന്ന വർഗീയ നിയമം നടപ്പാക്കില്ലെന്ന പ്രഖ്യാപനവുമായി നടത്തുന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധ ബഹുജന റാലികൾ മാർച്ച് 22ന് ആരംഭിക്കും.
ഒരു ലക്ഷം പേരെ അണി നിരത്തി കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിലാണ് ആദ്യ റാലി നടക്കുക. പരിപാടിയുടെ ഉദ്ഘാടനം മാർച്ച് 22 ന് വൈകുന്നേരം ഏഴു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന റാലിക്ക് പുറമേ 23 ന് കാസർകോട്ടും 24 ന് കണ്ണൂരിലും 25 ന് മലപ്പുറത്തും 27 ന് കൊല്ലത്തും റാലികൾ നടത്താനാണ് സംഘാടകർ തീരുമാനിച്ചിട്ടുള്ളത്.
മാർച്ച് 22 ന് കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന ബഹുജന റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. മതേതര ചിന്താഗതിയുമായി യോജിക്കാൻ സന്നദ്ധതയുള്ള ആരെയും റാലിയുടെ ഭാഗമാക്കാനാണ് സംഘാടകർ ആലോചിക്കുന്നത്. ലക്ഷക്കണക്കിന് ജനങ്ങൾ വിവിധ ഇടങ്ങളിലായി നടക്കുന്ന റാലികളിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക