പ്രശസ്ത സംഗീതജ്ഞൻ ഇളയരാജയുടെ ബയോപിക്കിൽ ധനുഷ് വേഷമിടും. എക്സിൽ വാർത്ത പങ്കുവെച്ച് താരം ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. കമൽഹാസൻ, വെട്രി മാരൻ, ഗംഗൈ അമരൻ, ഭാരതിരാജ എന്നിവരുടെ സാന്നിധ്യത്തിൽ ചെന്നൈയിൽ നടന്ന ചടങ്ങിലാണ് പോസ്റ്റർ പുറത്തിറക്കിയത്. ‘ഇളയരാജ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ മാതേശ്വരനാണ്. ഛായാഗ്രഹണ ചുമതല നീരവ് ഷായ്ക്കാണ്. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നതെന്നും സൂചനയുണ്ട്.
ധനുഷിനെ നായകനാക്കി ‘ക്യാപ്റ്റൻ മില്ലർ’ സംവിധാനം ചെയ്ത അരുൺ മാതേശ്വരൻ തന്നെയാണ് ഇളയരാജയും സംവിധാനം ചെയ്യുന്നത്. നഗരമദ്ധ്യത്തിൽ അകലത്തേക്ക് നോക്കി നിൽക്കുന്ന ധനുഷിന്റെ പുറകിൽ നിന്നുള്ള ചിത്രമാണ് ഫസ്റ്റ്ലുക്കിൽ കാണാൻ സാധിക്കുന്നത്. തെന്നിന്ത്യയിലെ സംഗീത സംവിധായകനും, ഗായകനും, ഗാന രചയിതാവുമായ ഇളയരാജയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.
2025-ൽ ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ധനുഷ് ഇളയരാജയായി എത്തുമ്പോള് ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷകളും വാനോളമാണ്. വൻ താരനിരയായിരിക്കും ചിത്രത്തിൽ എത്തുക എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
“ഞാൻ ഇളയരാജയുടെ ആരാധകനും അനുയായിയുമാണ്. അദ്ദേഹത്തിന്റെ സംഗീതം എന്റെ സഹയാത്രികനാണ്, അത് എല്ലാവർക്കും അനുയോജ്യമാണ്. അതിലുപരി, അദ്ദേഹത്തിന്റെ സംഗീതമാണ് എന്റെ അഭിനയ ഗുരു. ഒരു രംഗത്തിൽ അഭിനയിക്കുന്നതിന് മുമ്പ് ഞാൻ ഒരു പാട്ടോ ബിജിഎമ്മോ കേൾക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംഗീതം ആ സീനിൽ എങ്ങനെ അഭിനയിക്കണമെന്ന് എന്നോട് പറയും. അങ്ങനെയാണ് ഞാൻ അഭിനയിക്കുന്നത്. വെട്രി മാരൻ അത് കണ്ടു. അതൊരു വലിയ വെല്ലുവിളിയും ഉത്തരവാദിത്തവുമാണെന്ന് പലരും പറയുന്നു. പക്ഷേ, ഞാൻ അങ്ങനെ കരുതുന്നില്ല. അദ്ദേഹത്തിന്റെ സംഗീതം എന്നെ നയിക്കുമെന്ന് എനിക്കറിയാം. അദ്ദേഹം എന്നോടൊപ്പം ഉണ്ടായിരുന്നു, എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കും,” ധനുഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക