കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂർ വെച്ച് നടന്ന റോഡ് ഷോയിൽ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത സംഭവത്തിൽ ബിജെപിക്ക് ഉപവരണാധികാരിയുടെ നോട്ടീസ്. ബിജെപി ജില്ലാ പ്രസിഡന്റ് രമേശ് കുമാറിന് കോയമ്പത്തൂർ മണ്ഡലത്തിലെ എആര്‍ഒ പി സുരേഷ് ആണ് നോട്ടീസ് നൽകിയത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കാൻ ഇടയായതിന്റെ കാരണം വിശദീകരിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.
പ്രധാനമന്ത്രിയെ കാണാനുള്ള താത്പര്യം കൊണ്ട് കുട്ടികൾ സ്വമേധയാ വന്നതാകാമെന്ന് രമേശ് കുമാർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനിടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിദ്യാർത്ഥികളെ റോഡ് ഷോയിൽ പങ്കെടുപ്പിച്ച മൂന്ന് സ്കൂളുകളിൽ നിന്ന് കൂടി വിശദീകരണം തേടി.
സംഭവത്തില്‍ കഴിഞ്ഞ ദിവസം സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുത്തിരുന്നു. സായ് ബാബ വിദ്യാലയം സ്കൂൾ മാനേജ്മെന്റിനെതിരെയാണ് സായ് ബാബ കോളനി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസരുടെ പരാതിയിലാണ് നടപടി സ്വീകരിച്ചത്. ജില്ലാ കളക്ടറും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
തൊഴിൽ-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേണ്ട നടപടി ഉണ്ടാകുമെന്നാണ് കളക്ടർ വ്യക്തമാക്കിയത്. സ്കൂളിലെ പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കാൻ മുഖ്യ വിദ്യാഭ്യാസ ഓഫീസറും ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക