ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍സ്റ്റാർ രാം ചരണിന്റെ പുതിയ ചിത്രം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ചിത്രത്തിന്റെ ലോഞ്ചിംഗ് നടന്നു. രാം ചരണിന്റെ പിതാവും തെലുങ്ക് മെഗാതാരവുമായ ചിരഞ്ജീവിയാണ് സിനിമയ്ക്ക് ആദ്യ ക്ലാപ്പ് അടിച്ചത്. ആര്‍സി 16 എന്ന് താല്കാലിക ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രം ബുച്ചി ബാബു സനയാണ് സംവിധാനം നിർവഹിക്കുന്നത്.
ആര്‍സി 16 ന്റെ ലോഞ്ചിംഗ് ചിത്രങ്ങള്‍ ചിത്രത്തിലെ നായികയായ ജാന്‍വി കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങിൽ ചിരഞ്ജീവിയും രാം ചരണിന്റെ ഭാര്യ ഉപാസനയും സിനിമയുടെ അണിയറപ്രവർത്തകരും പങ്കെടുത്തു. ഓസ്കാർ ജേതാവായ എആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ചടങ്ങില്‍ എആര്‍ റഹ്മാനും പങ്കെടുത്തു.
ജാൻവി കപൂറിന്റെ 27-ാം ജന്മദിനത്തിലാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ജാന്‍വി കപൂര്‍ ചിത്രത്തിലെ നായികയാണെന്ന് അറിയിച്ചത്. രംഗസ്ഥലം, ഉപ്പണ്ണ പോലുള്ള ചിത്രങ്ങളുടെ രചിതാവാണ് ബുച്ചി ബാബു സന. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത് എന്നാണ് വിവരം. നിലവില്‍ ഗെയിം ചെയ്ഞ്ചര്‍ എന്ന ഷങ്കര്‍ സിനിമയുടെ അവസാന ഷെഡ്യൂള്‍ ഷൂട്ടിലാണ് രാം ചരണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക