വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം നിർവഹിക്കുന്നത്.
വീണ്ടുമൊരു വിനീത് ശ്രീനിവാസൻ മാജിക് ബിഗ് സ്ക്രീനിൽ ഉറപ്പ് നൽകിക്കൊണ്ടാണ് ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. വലിയ ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ – വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമാകും ‘വർഷങ്ങൾക്കു ശേഷം’ എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തിയേറ്ററുകളിൽ എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക