സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും മധ്യവേനൽ അവധിക്കാലത്തിനായി ഇന്ന് അടയ്ക്കും. പരീക്ഷകളെല്ലാം അവസാനിച്ച സാഹചര്യത്തിലാണ് ഇന്ന് സ്കൂളുകൾ അവധിക്കാലത്തിനായി അടയ്ക്കുന്നത്. എസ്എസ്എൽസി പരീക്ഷകൾ പൂർത്തിയായതിന് പിന്നാലെ സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷകളും ഇന്നലെ അവസാനിച്ചിരുന്നു.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഒരു പരീക്ഷ മാത്രമാണ് ഇന്ന് നടക്കുന്നത്. 8,55,372 വിദ്യാർത്ഥികളാണ് ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷങ്ങളിലായി പരീക്ഷ എഴുതിയത്. 57,107 പേർ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലും പരീക്ഷ എഴുതി. ഏപ്രിൽ മൂന്നു മുതലാണ് പൊതു പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കുന്നത്.
മെയ് പകുതിയാവുന്നതോടെ ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ എഴുപതോളം ക്യാമ്പുകളിലായി നടക്കുന്ന എസ്എസ്എൽസി പരീക്ഷ മൂല്യ നിർണയത്തിൽ പതിനായിരത്തോളം അധ്യാപകർ പങ്കെടുക്കും. 77 കേന്ദ്രങ്ങളിലായി നടക്കുന്ന ഹയർ സെക്കൻഡറി പരീക്ഷ മൂല്യ നിർണയത്തിൽ 25000 ത്തോളം അധ്യാപകരാണ് പങ്കെടുക്കുക.
2200 ഓളം അധ്യാപകരാണ് 8 ക്യാമ്പുകളിൽ ആയി സംഘടിപ്പിച്ചിരിക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യ നിർണയത്തിൽ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിൽ ആയിരിക്കും മൂല്യ നിർണയ ക്യാമ്പുകളുടെ പ്രവർത്തനം എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക