വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ ടെലികാസ്റ്റ് തിയതി പ്രഖ്യാപിച്ച് ദൂരദര്ശന്. ഏപ്രില്‍ അഞ്ചിന് രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്റെ സംപ്രേഷണം. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്ശന് അവരുടെ ഫെയ്സ്ബുക്ക് പേജില്‍ ചിത്രത്തെ പറ്റി കുറിച്ചിരിക്കുന്നത്.
വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ചിത്രമായിരുന്നു ദ കേരള സ്റ്റോറി. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയാണ് അതിന്റെ തീയറ്റര്‍ റണ്ണിംഗ് അവസാനിപ്പിച്ചത്. ചിത്രം തീയറ്റര്‍ വിട്ട് ഏറെക്കാലം കഴിഞ്ഞാണ് ഒടിടിയില്‍ എത്തിയത്.
കഴിഞ്ഞ വർഷം മെയ് 5നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് സീ5 ലൂടെ ചിത്രം ഒടിടിയിലും എത്തിയിരുന്നു. ഏറെ വിവാദം സൃഷ്ടിച്ച ‘ദ കേരള സ്റ്റോറി’ വാങ്ങാൻ ഒടിടി പ്ലാറ്റ്ഫോമുകൾ തയ്യാറാകുന്നില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ചിത്രത്തിന് ഇതുവരെ മികച്ച കരാർ ലഭിക്കാത്തതിനാലാണ് ഒടിടി റിലീസ് വെെകുന്നതെന്ന് സംവിധായകൻ സുദീപ്തോ സെൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ വിവാദങ്ങൾക്ക് താല്‍പ്പര്യമില്ലെന്ന കാരണം പറഞ്ഞാണ് പല ഒടിടി പ്ലാറ്റഫോമുകളും ചിത്രം വാങ്ങാൻ തയാറാകാത്തതതെന്നും അന്ന് സുദീപ്തോ സെൻ പറഞ്ഞിരുന്നു.
അതേസമയം ചിത്രം വിവാദമാകും എന്നതിനാലാണ് വളരെക്കാലം ചിത്രം സ്ട്രീം ചെയ്യാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ കേരള സ്റ്റോറി ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന വാദമാണ് ഒടിടി ഭീമന്മാരെ ചിത്രം ഏറ്റെടുക്കുന്നതില്‍ പിന്നോട്ട് വലിക്കുന്നത് എന്നാണ് സിനിമ വൃത്തങ്ങളെ ഉദ്ധരിച്ച് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക