ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് നിന്ന് രാജിവെച്ച ദേശീയ വക്താവ് ഗൗരവ് വല്ലഭ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസ് പ്രാഥമികാംഗത്വം ഉള്‍പ്പടെ രാജിവെച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ബിജെപിയിൽ ചേരുന്നത്. സാമ്പത്തിക വിഷയങ്ങളില്‍ മോദി സര്‍ക്കാരിന് എതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതില്‍ ഗൗരവ് വല്ലഭ് പ്രധാനിയായിരുന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഗൗരവ് വല്ലഭ് പാര്‍ട്ടി അംഗത്വമെടുത്തത്.
കോണ്‍ഗ്രസിന്റെ ദിശാബോധമില്ലായ്മയില്‍ അസ്വസ്ഥനെന്ന് വ്യക്തമാക്കിയാണ് ഗൗരവ് രാജി വെച്ചത്. സനാതന വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കാനോ രാജ്യത്തിന്റെ സമ്പത്ത് വര്‍ധിപ്പിക്കുന്നവരെ ആക്ഷേപിക്കാനോ താല്പര്യമില്ല. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം ഉള്‍പ്പടെ എല്ലാ പദവികളില്‍ നിന്നും മാറുന്നുവെന്ന് ഗൗരവ് എക്സില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
ധനകാര്യ, സാമ്പത്തിക വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ പ്രതിനീധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ വരാറുള്ള ആളായിരുന്നു ഗൗരവ് വല്ലഭ്. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചതും ഗൗരവ് ആയിരുന്നു. 2023ല്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല.
അതേസമയം, കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്താക്കിയ സഞ്ജയ് നിരൂപം ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ അംഗത്വം സ്വീകരിക്കും. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് 6 വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവ് സഞ്ജയ് നിരൂപം നേതൃത്വത്തിന് എതിരെ രംഗത്ത് വന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക