കണ്ണൂര്‍: കണ്ണൂർ പാനൂർ പുത്തൂരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. സിപിഎം പ്രവർത്തകരായ വിനീഷ് (24), ഷെറിൻ(25) എന്നിവര്‍ക്കാണ് സ്ഫോടനത്തിൽ പരിക്ക് പറ്റിയത്. ഇതില്‍ ഒരാളുടെ ആരോഗ്യ നില ഗുരുതരമാണ്. ഇവരെ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. വിനീഷിന്റെ വീടിന്റെ സമീപം ഉള്ള കട്ടക്കളത്തിൽ വെച്ചാണ് സ്ഫോടനമുണ്ടായത്. വിനീഷിന്റെ രണ്ട് കൈപ്പത്തികളും പൂർണമായും അറ്റുപോയതാണ് ആശുപത്രിയിൽ നിന്ന് ലഭ്യമാകുന്ന വിവരം. സ്ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. പൊലീസ് സ്ഥലത്തെത്തിയാണ് രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ രണ്ടുപേരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം കഴിഞ്ഞ ആഴ്ച കണ്ണൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. കണ്ണവം ചുണ്ടയിലാണ് സംഭവം. കലുങ്കിന് സമീപത്തു നിന്നുമാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. കണ്ണവം എസ് ഐ രാജീവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടക്കുന്ന പതിവ് പരിശോധനയുടെ ഭാഗമായാണ് ഒളിപ്പിച്ച നിലയിൽ സ്റ്റീൽ ബോംബ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക