സംസ്ഥാനത്ത് ദിനംപ്രതി വർദ്ധിച്ചുവരികയാണ് ചൂട്. അക്ഷരാർത്ഥത്തിൽ മലയാളി ഉരുകി ഒലിക്കുകയാണ് എന്ന് തന്നെ പറയാം. ചൂട് കൂടുന്ന സാഹചര്യത്തിൽ വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് കെഎസ്ഇബി. വൈകുന്നേരം ആറുമണിമുതൽ 12 മണി വരെ ഇടയ്ക്കിടെ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസ്സം ഉണ്ടാകുന്നു എന്ന പരാതി ഇപ്പോൾ വ്യാപകമായിരിക്കുകയാണ്.
വൈദ്യുതി വിതരണ സംവിധാനത്തെ കാര്യമായി ബാധിക്കുന്ന തരത്തിൽ വർദ്ധിച്ചുവരുന്ന ചൂടും കാരണം അമിതമായ എസിയുടെ ഉപയോഗവും രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങൾ കൂടുതലായി ചാർജ് ചെയ്യുന്നതും ഇതിന് കാരണമായിത്തീരുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത് വൈകിട്ട് ഏഴുമണിക്ക് ശേഷം പ്രസരണ വിതരണ ട്രാൻസ്ഫോമറുകളുടെ ലോഡ് ക്രമാതീതമായി വർദ്ധിക്കുന്ന സ്ഥിതിയാണ് ഉള്ളത്.
വൈദ്യുതിയുടെ ഉപയോഗം വളരെയധികം വർദ്ധിക്കുന്നത് കാരണം ലോഡ് വർദ്ധിച്ച് ഫ്യൂസ് പോകുന്നതും വോൾട്ടേജിൽ ഗണ്യമായ കുറവുണ്ടാകുന്നതും നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ് എന്നും രണ്ടാഴ്ചയോളമായി സംസ്ഥാനത്തെ പ്രതിദിനം വൈദ്യുതി ഉപയോഗം പത്തുകോടി യൂണിറ്റിന് മുകളിലാണ് എന്നും കെഎസ്ഇബി പറയുന്നു.
കഴിഞ്ഞദിവസം സംസ്ഥാനത്തെ വൈദ്യുത ഉപയോഗം സർവ്വകാല റെക്കോർഡിൽ എത്തുകയും ചെയ്തിരുന്നു. മുൻകാലങ്ങളിൽ പീക്ക് ലോഡ് ആവശ്യകത വൈകിട്ട് ആറു മുതൽ 10 മണി വരെ ആയിരുന്നത് ഇപ്പോൾ രാത്രി 12 മണിയോളം ആയി എന്നതും മറ്റൊരു കാരണമാണ്. വൈദ്യുതി വിതരണം തടസരഹിതമായി നിർവഹിക്കുന്നതിന് ഉപഭോക്താക്കളുടെ സഹകരണം ഉണ്ടെങ്കിൽ മാത്രമേ കെഎസ്ഇബിക്ക് കഴിയുകയുള്ളൂ.
രാത്രിയിൽ എസിയുടെ ഉപയോഗം ഒഴിവാക്കാനാകില്ല എന്നതിനാൽ തന്നെ താപനില 25 ഡിഗ്രി സെൽഷ്യസിലോ അതിനുമുകളിലോ ആക്കി നിലനിർത്തുന്നത്തിലൂടെ ശരീരത്തിന് ഹാനികരമല്ലാത്ത രീതിയിൽ എസി ഉപയോഗിക്കുന്നതിനും വൈദ്യുതി വലിയതോതിൽ ലഭിക്കുന്നതിനും സാധിക്കും. അതുപോലെതന്നെ വൈകിട്ട് 6 മുതൽ 11 വരെയുള്ള സമയത്ത് പകൽ ചെയ്യാവുന്ന കുറേ പ്രവർത്തികൾ ഒഴിവാക്കുകയും തുണികൾ കഴുകുന്നതും ഇസ്തിരിയിടുന്നതും പമ്പ് സെറ്റുകളുടെ ഉപയോഗവും ആറ് മുതൽ 11 വരെയുള്ള സമയത്ത് ഒഴിവാക്കുന്നതിലൂടെയും വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സാധിക്കും.
ആവശ്യമുള്ള മുറികളിൽ മാത്രം എസി ഉപയോഗിക്കുകയും അത്യാവശ്യമല്ലാത്ത ലൈറ്റുകൾ ഓഫ് ചെയ്യുകയും പകൽ സമയത്ത് വെള്ളം പമ്പ് ചെയ്ത് ഓട്ടോമാറ്റിക് വാട്ടർ ഫില്ലിംഗ് സംവിധാനം ഒഴിവാക്കുകയും വൈദ്യുതി ഉപയോഗിച്ചുള്ള പാചകം രാത്രി സമയങ്ങളിൽ ഒഴിവാക്കുകയും ചെയ്യണമെന്നും കെഎസ്ഇബി നിർദ്ദേശിക്കുന്നുണ്ട്.
കൽക്കരി നിലയങ്ങളിൽ നിന്നുള്ളതാണ് രാത്രികാലത്ത് നാം ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും എന്ന കാര്യം നാം മറന്നു പോകരുതെന്നും ഈ സമയത്ത് പരിസ്ഥിതി മലിനീകരണം സൃഷ്ടിച്ചുകൊണ്ട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറക്കുന്നത് നമ്മുടെ സാമൂഹികവും പാരിസ്ഥിതികവുമായ ഉത്തരവാദിത്തമാണ് എന്നും മാന്യ ഉപഭോക്താക്കൾ നിലവിലെ പ്രതികൂല സാഹചര്യം തിരിച്ചറിഞ്ഞ് സഹകരിക്കണമെന്നുംകെഎസ്ഇബി അഭ്യർത്ഥിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക