ചിരിക്കും സന്തോഷത്തിനും ലോകത്തെ തന്നെ മാറ്റാനുള്ള ശക്തിയുണ്ട്. ചിരിയാണ് ഏറ്റവും നല്ല മരുന്നെന്ന് പറയുന്നതിന് കാരണമുണ്ട്, ചിരിയുടെ പ്രയോജനങ്ങൾ നിരവധിയാണെന്നാണ് ഗവേഷണങ്ങളും പഠനങ്ങളും തെളിയിച്ചിട്ടുള്ളത്.
വേദന മറക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഒക്കെ ഇത് സഹായിക്കും. മനസ്സിനെയും ശരീരത്തെയും സന്തുലിതാവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഏറ്റവും നല്ല ആയുധമാണ് ചിരി. സമ്മർദ്ദവും ഉത്കണ്ഠയും വെല്ലുവിളി ഉയർത്തുന്ന ഈ കാലഘട്ടത്തിൽ ചിരിയുടെ പ്രാധാന്യം അവഗണിക്കാൻ പ്രയാസമാണെന്ന് വിദഗ്ധർ പറയുന്നു.
ചിരി തെറാപ്പി ഫ്രഷ് ഓക്സിജൻ സ്വീകരിക്കാൻ സഹായിക്കും. പേശി, ശ്വാസകോശം, ഹൃദയം എന്നിവയെ ഉത്തേജിപ്പിക്കുന്നതിനും എൻഡോർഫിനുകളുടെ റിലീസ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. മെച്ചപ്പെട്ട രക്തചംക്രമണത്തിനും ഇത് ഗുണകരമാണ്. ഒപ്പം ഹൃദയ സംബന്ധമായ അസുഖങ്ങളെ ചെറുക്കാനും സഹായിക്കും.
അഡ്രിനാലിൻ, കോർട്ടിസോൾ, വളർച്ചാ ഹോർമോൺ തുടങ്ങിയ സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കാൻ ചിരി തെറാപ്പി സഹായിക്കുന്നു. ശരീരത്തിലെ ആന്റിബോഡി ഉൽപ്പാദിപ്പിക്കുന്ന കോശങ്ങൾ വർദ്ധിപ്പിക്കുന്നതിനും ടി-സെല്ലുകളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിനും പ്രയോജനം ചെയ്യും.
ദിവസവും 10-15 മിനിറ്റ് ചിരിക്കുന്നതിലൂടെ ഏകദേശം 40 കലോറി കത്തിക്കാം. അങ്ങനെ ഒരു വർഷത്തിനുള്ളിൽ ഒരാൾക്ക് ദിവസേനയുള്ള ചിരിയിലൂടെ 4-5 പൗണ്ട് വരെ കലോറി കത്തിക്കാം.
വിഷാദം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നതിനും ആത്മാഭിമാനം മെച്ചപ്പെടുത്തുന്നതിനും അതുവഴി നെഗറ്റീവ് വികാരങ്ങൾ ഇല്ലാതാക്കുന്നതിനും ചിരി തെറാപ്പി സഹായിക്കുന്നു. പിരിമുറുക്കം ലഘൂകരിക്കുന്ന എൻഡോർഫിനുകൾ ശരീരത്തിൽ പുറപ്പെടുവിക്കുന്നതുമൂലം ചിരിക്കുന്നതിലൂടെ വേദന ലഘൂകരിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക