‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രവുമായി എത്തുകയാണ് നടൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ പ്രേക്ഷക ശ്രദ്ധ നേടിയ എം എ നിഷാദ്. ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥനും നിഷാദിന്റെ പിതാവുമായിരുന്ന പി എം കുഞ്ഞു മൊയ്തീന്റെ പോലീസ് സേവന കാലത്ത് ഉണ്ടായ ഒരു കേസാണ് ചിത്രത്തിന് പ്രമേയമാക്കുന്നത്. വിശിഷ്ട സേവനത്തിന് രണ്ട് തവണ പ്രസിഡണ്ടിന്റെ സ്വർണ മെഡൽ കരസ്ഥമാക്കിയ കുഞ്ഞു മൊയ്തീൻ ദീർഘകാലം ക്രൈംബ്രാഞ്ച് എസ്പിയായും ഇടുക്കി എസ്പിയായും സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനാണ്. കോട്ടയം, കുട്ടിക്കാനം, വാഗമൺ, തെങ്കാശി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായി ഈ മാസം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
ഷൈൻ ടോം ചാക്കോ, വാണി വിശ്വനാഥ്, മുകേഷ്, സമുദ്ര കനി, അശോകൻ, ശിവദ, സ്വാസിക, ദുർഗ കൃഷ്ണ, സുധീഷ്, ജാഫർ ഇടുക്കി, സുധീർ കരമന, രമേശ് പിഷാരടി, ജൂഡ് ആന്റണി,ഷഹീൻ സിദ്ദീഖ്, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, കലാഭവൻ ഷാജോൺ, കോട്ടയം നസീർ, കലാഭവൻ നവാസ്, പി ശ്രീകുമാർ, ജനാർദ്ദനൻ, കുഞ്ചൻ, മഞ്ജുപിള്ള, ഉമാ നായർ, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, അനു നായർ, പൊന്നമ്മ ബാബു, സ്മിനു സിജോ, സിനി എബ്രഹാം, കനകമ്മ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ സംവിധായകൻ എം നിഷാദും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ ആണ് ചിത്രം നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക