സൂര്യ നായകനായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. ചിത്രം അടുത്ത വർഷമായിരിക്കും റിലീസ് ചെയ്യുകയെന്ന് സംബന്ധിച്ച് നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ചിത്രം ഈ വർഷം തന്നെ തിയേറ്ററുകളിലെത്തുമെന്ന് അറിയിക്കുകയാണ് കങ്കുവയുടെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ പോസ്റ്ററും സൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ചിത്രത്തിൽ ഡബിൾ റോളിലാണ് സൂര്യയെത്തുന്നത്. സിരുത്തൈ ശിവയുടെ സംവിധാനത്തില് എത്തുന്ന ബിഗ് ബജറ്റ് സിനിമയുടെ പുതിയ പോസ്റ്ററും അതേ ആവേശത്തോടെയാണ് ആരധകർ ഏറ്റെടുത്തിരിക്കുന്നത്. സിനിമയുടെ നിർമ്മാതാക്കളായ സ്റ്റുഡിയോ ഗ്രീൻ തന്നെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
‘ഭൂതകാലവും വർത്തമാനവും കൂട്ടിമുട്ടുന്നിടത്ത് ഒരു പുതിയ ഭാവി ആരംഭിക്കും,’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. രണ്ട് കാലഘട്ടത്തിലുള്ള സൂര്യയുടെ കഥാപാത്രങ്ങൾ മുഖാമുഖം നോക്കിനിൽക്കുന്നതാണ് പോസ്റ്ററിലുള്ളത്. 1000 വർഷം മുമ്പ് നടന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഒരു യോദ്ധാവായാണ് സൂര്യ ചിത്രത്തിലെത്തുന്നത്. ഒന്നരവർഷത്തോളം സമയമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ദേവി ശ്രീ പ്രസാദാണ് ഗാനങ്ങൾ ഒരുക്കുന്നത്.
ഈ വർഷം പകുതിയോടെ കങ്കുവ തിയേറ്ററിലെത്തും. ഒരു പാൻ ഇന്ത്യൻ സിനിമയാണ് കങ്കുവ. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായിരിക്കുമെന്നാണ് പറയപ്പെടുന്നത്. പിരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം 38 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.
ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. ബോബി ഡിയോളാണ് വില്ലൻ വേഷത്തിലെത്തുന്നത്. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക